സുഭാഷ് ചക്രവര്‍ത്തി അന്തരിച്ചു
കൊല്‍ക്കത്ത: സിപിഎം നേതാവും പശ്ചിമബംഗാള്‍ ഗതാഗത-സ്‌പോര്‍ട്‌സ് മന്ത്രിയുമായ സുഭാഷ് ചക്രവര്‍ത്തി അന്തരിച്ചു. സിപിഎം ബംഗാള്‍ ഘടകം സെക്രട്ടറി ബിമന്‍ ബോസാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞമാസം 27 ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും രോഗം കൂടുതല്‍ ഗുരുതരമായി മാറുകയുമായിരുന്നു. ഹൃദയസംബന്ധിയായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ജ്യോതിബസുവിന്റെ വിശ്വസ്‌തനായി സിപിഎം ബംഗാള്‍ ഘടകത്തിലെ ഉന്നത സ്ഥാനങ്ങളിലെത്തിയ സുഭാഷ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ പലപ്പോഴും പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആണവക്കരാറുമായി ബന്ധപ്പെട്ട സുഭാഷിന്റെ വിമര്‍ശനങ്ങള്‍ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറിയിരുന്നു.
സോമനാഥ് ചാറ്റര്‍ജിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി ഇദ്ദേഹത്തിന് പരസ്യമായി താക്കീത് നല്‍കിയിരുന്നു. സുഭാഷിന്റെ 2006ലെ താരാപീഠ് കാളീക്ഷേത്രം സന്ദര്‍ശനവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസും രാവിലെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.












Click it and Unblock the Notifications