ജഡ്ജിമാരുടെ സ്വത്ത് പ്രഖ്യാപിക്കല്‍: ബില്‍ മാറ്റി
ദില്ലി: സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്‌ജിമാരുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലിന്റെ അവതരണം മാറ്റിവെച്ചു. ബില്ല് പരിഗണിയ്‌ക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ അംഗങ്ങള്‍ ഹാജരില്ലാതെ വന്ന സാഹചര്യത്തിലാണ് മാറ്റിവെയ്‌ക്കല്‍.
രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബില്ലിലെ ആറാം അനുഛേദത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. സ്വത്ത് വെളിപ്പെടുത്തണമെന്ന് ജഡ്‌ജിമാരെ നിര്‍ബന്ധിക്കാനാവില്ലന്നും ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലന്നുമാണ് ആറാം അനുഛേദത്തില്‍ പറയുന്നത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ചിലം അംഗങ്ങളും രംഗത്തെത്തി.
രാജ്യത്തെ ബാക്കി എല്ലാ പൗരന്മാരും സ്വത്ത് വിവരം പരസ്യമാക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ ജഡ്‌ജിമാര്‍ക്ക് മാത്രം പ്രത്യേക രഹസ്യ സ്വഭാവത്തോടെ വെളിപ്പെടുത്താമെന്ന വ്യവസ്ഥക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഭയില്‍ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബില്ല് അവതരിപ്പിയ്‌ക്കുകയും പരിഗണനയ്‌ക്കായി സ്റ്റാന്റിംഗ് കമ്മറ്റിയ്‌ക്ക് വിടുകയും ചെയ്യണമെന്ന നിര്‍ദ്ദേശം നിയമമന്ത്രി വീരപ്പ മൊയ്‌ലി മുന്നോട്ട് വെച്ചു.
എന്നാല്‍ ബില്ല് നിലവിലുള്ള രീതിയില്‍ അവതരിപ്പിയ്‌ക്കണമോ വേണ്ടയോ എന്ന് സഭ വോട്ടിനിട്ട് തീരുമാനിയ്‌ക്കണമെന്ന നിര്‍ദ്ദേശം സിപിഎം നേതാവ് സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചു. ബിജെപി അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. എന്നാല്‍ സഭയില്‍ അപ്പോള്‍ ഹാജരായിരുന്ന അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് തിരിച്ചറിഞ്ഞ നിയമമന്ത്രി ബില്ലവതരണത്തില്‍ തന്ത്രപൂര്‍വം പിന്‍മാറുകായിയരുന്നു.












Click it and Unblock the Notifications