മഴക്കെടുതി സംഘം ഗുരുവായൂര്‍ ക്ഷേത്രത്തില്‍!
തൃശ്ശൂര്‍: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം യാത്ര വെറുതെയാക്കിയില്ല. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് കേന്ദ്ര സംഘം തങ്ങളുടെ ജോലി ആരംഭിച്ചത്.
മഴകെടുതിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്‌ച രാവിലെ 7.30ന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സംഘം അറിയിച്ചിരുന്നു. എന്നാല്‍ ധനവിനിയോഗ വിഭാഗം ജോയിന്റ് ഡയറക്‌ടര്‍ എകെ റെയ്‌നയുടെ നേതൃത്വത്തിലുളള സംഘം രാവിലെ 7.10ന് ഗുരുവായൂരിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി പോയതോടെ ചര്‍ച്ച ഒന്നര മണിക്കൂറോളം വൈകി. ഉദ്യോഗസ്ഥരാണെങ്കില്‍ കേന്ദ്ര സംഘത്തെ കാത്തിരുന്ന് മുഷിയുകയും ചെയ്‌തു. സമയം തെറ്റിച്ചുള്ള കേന്ദ്ര സംഘത്തിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയ സംഘം തൃശൂര്‍ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്‌ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സദാകാന്തന്റെ നേതൃത്വത്തിലുള്ള എട്ടംഗ കേന്ദ്രസംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം സംസ്ഥാനത്തെ മഴക്കെടുതി കൂടുതലായുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക.
തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, എന്നീ ജില്ലകളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സംഘം സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് തിരുവനന്തപുരത്തെത്തുന്ന സംഘം ബുധനാഴ്‌ച മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications