പുതുതായി രാജിക്കത്ത് നല്കില്ല: ബാലകൃഷ്ണന്‍
തൃശൂര്‍: പുതുതായി രാജിക്കത്ത് നല്‌കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്ന് പാര്‍ട്ടി അച്ചടക്ക നടപടികള്‍ നേരിടുന്ന തൃശൂര്‍ ഡിസിസി പ്രസിഡന്റ് സിഎന്‍ ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജിസന്നദ്ധത പ്രകടിപ്പിച്ച ബാലകൃഷ്‌ണന്റെ ഉപാധികള്‍ കെപിസിസിയ്‌ക്ക് സ്വീകാര്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ അനുനയിപ്പിയ്‌ക്കാന്‍ വ്യാഴാഴ്‌ച രാവിലെ ചര്‍ച്ച നടത്താനെത്തിയ തേറമ്പില്‍ രാമകൃഷ്‌ണനോടാണ് ബാലകൃഷ്‌ണന്‍ ഇക്കാര്യം അറിയിച്ചത്.
ഇതിന് മുമ്പ് മൂന്ന് തവണ കെപിസിസിയ്‌ക്ക് രാജിക്കത്ത് നല്‌കിയിട്ടുണ്ടെന്നും ആറു മാസം മുമ്പ് അവസാനമായി താന്‍ നല്‌കിയ രാജിക്കത്ത് അംഗീകരിയ്‌ക്കണമെന്ന നിലപാടില്‍ ബാലകൃഷ്‌ണന്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ മൃതദേഹം ഡിസിസി ഓഫിസില്‍ കൊണ്ടുവരുന്നതു സിഎന്‍ ബാലകൃഷ്‌ണന്‍ തടഞ്ഞുവെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ കമ്മിഷന്‍ ഡിസിസി പ്രസിഡന്റിന്റെ നടപടിയെ ശക്‌തമായി വിമര്‍ശിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്‌ച ചേരുന്ന കെപിസിസി നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്യും.
വാഹനാപകടത്തില്‍ മരിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സിഎ സെബാസ്‌റ്റിയന്റെ മൃതദേഹം ഡിസിസി ഓഫിസില്‍ കൊണ്ടുവരുന്നതു തടഞ്ഞതു വന്‍ വിവാദത്തിനു കാരണമായിരുന്നു. മൃതദേഹം വഹിച്ച വാഹനം റോഡില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ കയ്യാങ്കളി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ ബെന്നി ബഹനാനെ കെപിസിസി കമ്മിഷനായി നിയോഗിച്ചത്.












Click it and Unblock the Notifications