രാഷ്ട്രീയം മാത്രം പറയാന്‍ പ്രത്യേകം കാണാം: വിഎസ്
തിരുവനന്തപുരം: രാഷ്ട്രീയം മാത്രം പറയാനായി താമസിയാതെ താന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഉറപ്പ്.
ബുധനാഴ്‌ച പതിവുപോലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുമ്പോഴാണ് രാഷ്ട്രീയം പറയാന്‍വേണ്ടി പ്രത്യേകം കാണാമെന്ന് വിഎസ് നേരത്തേ നല്‍കിയ വാഗ്‌ദാനം മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചത്. അപ്പോള്‍ രാഷ്ട്രീയം മാത്രം പറയാന്‍ തീര്‍ച്ചയായും എല്ലാവരെയും വിളിക്കുമെന്നായിരുന്നു വിഎസിന്റെ പ്രതികരണം.
സംസ്ഥാന ഘടകത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തി പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കിയതില്‍പ്പിന്നെ വിഎസ് വാര്‍ത്താസമ്മേളനങ്ങളിലോ പൊതുവേദികളിലോ രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല.
ലാവലിന്‍ കേസ്, തിരഞ്ഞെടുപ്പിലെ പരാജയം, പിഡിപി ബന്ധം ഇവയെക്കുറിച്ചെല്ലാം വിഎസ് മൗനം പാലിച്ചിരിക്കുകയാണ്. ഒരാഴ്‌ച മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴായിരുന്നു രാഷ്ട്രീയം മാത്രം പറയാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് വിഎസ് ഉറപ്പു നല്‍കിയത്.
എന്തായാലും അച്ചടക്ക നടപടിയ്‌ക്കുശേഷമുള്ള വിഎസിന്റെ ഈ മൗനം വരാനിരിക്കുന്ന ഒരു പൊട്ടിത്തെറിയുടെ മുന്നോടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോകിക പക്ഷത്തെ വെട്ടിലാക്കുകയും കേന്ദ്രനേതൃത്വത്തെ ത്രിശങ്കുവിലാക്കുകയും ചെയ്യുന്ന പുതിയ ആരോപണങ്ങളും പ്രസ്‌താവനകളുമായി വിഎസ് ഉടന്‍തന്നെ രംഗത്തെത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications