അഭയ: കോടതിയലക്ഷ്യത്തിന് സ്‌റ്റേ ഇല്ല
ദില്ലി: അഭയ കേസില്‍ സിബിഐക്കെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്.
കോടതിയലക്ഷ്യം സ്റ്റേ ചെയ്യുന്നതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണനും എച്ച് ഡിസിന്‍ഹയും അടങ്ങുന്ന ബഞ്ച്നിര്‍ദ്ദേശിച്ചു.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോപരിശോധനാ ഫലം അടങ്ങുന്ന യഥാര്‍ത്ഥ സിഡികള്‍ കണ്ടെത്തണമെന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം പാലിക്കാന്‍ സിബിഐയ്‌ക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് അഭയയുടെ പിതാവ് തോമസാണ് സിബിഐക്കെതിരെ ഹര്‍ജി നല്‌കിയത്.
ഹര്‍ജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിയ്‌ക്കാനിരിയ്‌ക്കെ അടിയന്തരമായി സ്റ്റേ അനുവദിയ്‌ക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. സ്റ്റേ അനുവദിച്ചില്ലെങ്കില്‍ കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നും അവര്‍ ബോധിപ്പിച്ചു.
കേസിലെ വാദം തുടങ്ങിയ ഉടനെയായിരുന്നു സിബിഐ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രത്യേക അപേക്ഷ നല്‍കിയാല്‍ ഇത് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications