കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ മുരളി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Murali
തിരുവനന്തപുരം: അപരസാമ്യങ്ങളില്ലാത്ത ഭാവാഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടന്‍ മുരളി(55) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ വ്യാഴാഴ്‌ച രാത്രി 8.23ന്‌ പിആര്‍എസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തെ ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ ആശുപത്രിയില്‍ പ്രവേശിച്ചിച്ചത്‌. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്‌. പിന്നീട്‌ നടന്ന പരിശോധനയില്‍ കരളിനും വൃക്കകള്‍ക്കും തകരാറുണ്ടെന്ന്‌ കണ്ടെത്തി.

വ്യാഴാഴ്‌ച വൈകുവോളം സ്ഥിതി മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടര്‍ച്ചയായി ഡയാലിസിസിന്‌ വിധേയമാക്കിയിരുന്നു. ന്യൂമോണിയയും ഹൃദയാഘാതവും സ്ഥിതി വഷളാക്കി. വൈകുന്നേരത്തോടെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളാവുകയും രാത്രി എട്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ പണ്ഡിറ്റ്‌സ്‌ കോളനിയിലെ വസതിയില്‍ എത്തിച്ചു. വെള്ളിയാഴ്‌ച രാവിലെ മൃതദേഹം കൊട്ടാരക്കര കുടവട്ടൂരിലെ കുടുംബവീട്ടിലേയ്‌ക്ക്‌ കൊണ്ടുപോയിട്ടുണ്ട്‌. ഉച്ചയ്‌ക്കു രണ്ടുമണിയോടെ തിരുവനന്തപുരം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. സംസ്‌കാരം വെള്ളിയാഴ്‌ച വൈകീട്ട്‌ അരുവിക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.

കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലും അഭ്രപാളിയിലുമെത്തിക്കാന്‍ സാധിച്ച നടനായിരുന്നു മുരളി. വില്ലന്‍, നായക കഥാപാത്രങ്ങള്‍ക്ക്‌ തീര്‍ത്തും വ്യത്യസ്ഥമായ ഒരു ഭാവം പകരാന്‍ മുരളിയ്‌ക്കു കഴിഞ്ഞിരുന്നു. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഇരുന്നൂറ്റിയന്‍പതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ട്‌ മുമ്പാണ്‌ ചലച്ചിത്രലോകത്ത്‌ എത്തിയത്‌.

മികച്ച നടനുള്ള നാല്‌ അവാര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച്‌ സംസ്ഥാന അവാര്‍ഡുകളും നെയ്‌ത്തുകാരനിലെ അഭിനയത്തിന്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്‌. ചലച്ചിത്രലോകത്ത്‌ എത്തുന്നതിന്‌ മുമ്പ്‌ നാടകരംഗത്തെ സജീവ സാന്നിധ്യമായിരുന്നു മുരളി. കൊട്ടാരക്കരയ്‌ക്കടുത്തുള്ള കുടവട്ടൂരിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ കൃഷ്‌ണപിള്ളയുടെയും ദേവകിയമ്മയുടെയും മകനായിട്ടാണ്‌ ജനനം.

ശാസ്‌താംകോട്ട ഡിബി കോളെജിലെ വിദ്യാഭ്യാസത്തിനും നിയമപഠനത്തിനും ശേഷം കേരള സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായി. 1979ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തില്‍ എത്തിയതോടെ നാടക രംഗത്ത്‌ സജീവമായി. ജി ശങ്കരപ്പിള്ളയുടെ നാടകസമിതിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. പിന്നീട്‌ നടന്‍ ഗോപി സംവിധാനം ചെയ്‌ത ഞാറ്റടി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല.

പിന്നീട്‌ പഞ്ചാഗ്നിയെന്ന ചിത്രത്തില്‍ വില്ലനായും മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും അഭിനയിച്ചു. മുരളിയെന്ന നടന്റെ വരവറയിക്കാന്‍ പോന്ന പ്രകടനമായിരുന്നു ഈ രണ്ട്‌ ചിത്രങ്ങളിലും കാണാന്‍ കഴിഞ്ഞത്‌. മമ്മൂട്ടി നായകനായ അമരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ്‌ നേടി.

പിന്നീട്‌ ആധാരം എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. കാണാക്കിനാവ്‌, ഗര്‍ഷോം, താലോലം, ചമയം തുടങ്ങിയവയെല്ലാം മുരളിയെന്ന അഭിനയപ്രതിഭയുടെ വിഭിന്ന ഭാവങ്ങള്‍ പ്രേക്ഷകരിലേയ്‌ക്കെത്തിച്ച ചിത്രങ്ങളായിരുന്നു. നീയെത്രധന്യ, ചമ്പക്കുളം തച്ചന്‍, വെങ്കലം, വളയം, കാരുണ്യം, ധനം, തുടങ്ങി മുരളിയുടേതെന്ന പേരില്‍ ഓര്‍ത്തെടുക്കാന്‍ ഒട്ടേറെ ചിത്രങ്ങള്‍.

നെയ്‌ത്തുകാരനില്‍ അസാധാരണമായ അഭിനയം കാഴ്‌ചവച്ച അദ്ദേഹം പ്രിയനന്ദനന്റെ പുലിജന്മത്തിലെ അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിലെ പ്രവര്‍ത്തകനായിരുന്നെങ്കിലും പിന്നീട്‌ കറകളഞ്ഞ ഇടതുപക്ഷക്കാരനായി. 1999ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.

ഷൈലജയാണ്‌ ഭാര്യ, മകള്‍ കാര്‍ത്തിക. ഒരു തമിഴ്‌ ചിത്രത്തിന്റെ ഷൂട്ടിങിനായി ആഫ്രിക്കയിലായിരുന്ന മുരളി ജൂലായ്‌ 30നാണ്‌ തിരിച്ചെത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X