മെഹ്സൂദ് കൊല്ലപ്പെട്ടുവെന്ന് താലിബാന്‍
ഇസ്‌ലാമാബാദ്: പാകിസ്‌താനിലെ ഗോത്രമേഖലയിലുണ്ടായ യു എസ് മിസൈലാക്രമണത്തില്‍ താലിബാന്‍ നേതാവ് ബെയ്‌ദുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതായി താലിബാന്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ബുധനാഴ്‌ച്ച(ആഗസ്ത് 5) തെക്കന്‍ വസീരിസ്‌താനിലെ സാന്‍ഗര്‍ മേഖലയില്‍ നടന്ന മിസൈലാക്രമണത്തില്‍ മെഹ്‌സൂദിന്റെ രണ്ടാംഭാര്യയും പിതാവും അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ മെഹ്‌സൂദും കൊല്ലപ്പെട്ടതെന്നാണ് പുതിയ വിവരം.
മെഹ്സൂദ് കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ആക്രമണം നടക്കുമ്പോള്‍ മെഹ്‌സൂദും വീട്ടിലുണ്ടായിരുന്നതായി താലിബാനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ അറിയിച്ചു.സംഭവത്തിന് ശേഷം ഈ വീട്ടിന്റെ പരിസരത്തേക്ക് താലിബാന്‍ സേനാംഗങ്ങള്‍ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. പുതിയ നേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
മെഹ്സൂദിന്റെ ശവസംസ്കാരവും കഴിഞ്ഞതായാണു റിപ്പോര്‍ട്ട്. പിന്‍ഗാമിയായി വാലി ഉര്‍ റഹ്മാന്‍, ഹക്കിമുള്ള മെഹ്സൂദ്, അസ്മത്തുള്ള എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
പാകിസ്‌താനിലെ താലിബാന്‍ വിഭാഗമായ തെഹ്‌രീക് ഇ-താലിബാന്റെ മേധാവിയായ ബെയ്‌ദുള്ളയുടെ തലയ്‌ക്ക് 50 ലക്ഷം ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണിയാള്‍. മെഹ്‌സൂദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 6,15,000 ഡോളര്‍ സമ്മാനവും പാകിസ്‌താന്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications