ഗൂഗിള്‍ അരുണാചലിനെ ചൈനയ്‌ക്ക് നല്‍കി?
ദില്ലി: ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈനയൂടേതായി ചിത്രീകരിച്ചതില്‍ പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ തെറ്റു സമ്മതിച്ചു.
അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങളാണ് ചൈനയുടേതായി ഗൂഗിള്‍ എര്‍ത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എത്രയും വേഗം തെറ്റു തിരുത്തുമന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് ഭൂപടമായ ഗൂഗിള്‍ എര്‍ത്തില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനിടെ അബദ്ധം സംഭവിച്ചതാകാമെന്നാണ് ഗൂഗിള്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന് ചൈന അവകാശമുന്നയിക്കുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ മാപ്പിന് പിന്നില്‍ ചൈനയുടെ കയ്യുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
മാധ്യമങ്ങളില്‍ പ്രശ്‌നം വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ പ്രതികരിച്ചത്. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍, തവാങ് നഗരങ്ങളും മറ്റ് ഒട്ടേറെ പ്രദേശങ്ങളും ചൈനീസ് ഭാഷയായ മന്‍ഡാരിനിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ ഭാഗങ്ങളില്‍ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല അരുണാചലിന്റെ അസമുമായുള്ള തെക്കന്‍ അതിര്‍ത്തിയും ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയും മുറിച്ചുമുറിച്ചുള്ള രേഖയിലും മ്യാന്‍മറുമായുള്ള കിഴക്കന്‍ അതിര്‍ത്തിയും ഭൂട്ടാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയും ഇടമുറിയാത്ത വെളുത്ത രേഖയിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ എല്ലാഭാഗങ്ങളുടെയും വിവരങ്ങള്‍ വിശദമായ ഉപഗ്രഹചിത്രമുപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന സൈറ്റാണ് ഗൂഗിള്‍ എര്‍ത്ത്. ഇന്ത്യയില്‍ ഇതാദ്യമായല്ല ഗൂഗിള്‍ എര്‍ത്ത് വിമര്‍ശിക്കപ്പെടുന്നത്.
2008 നവംബറിലുണ്ടായ മുംബൈ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങളുടെ രഹസ്യ സ്വഭാഗം ഗൂഗിള്‍ ഇല്ലാതാക്കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ പരാതിപ്പെട്ടിരുന്നു.
മാത്രമല്ല തീവ്രവാദികള്‍ പലപ്പോഴും ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചാണ് ഇന്ത്യയിലെ പ്രദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications