സ്വാശ്രയ കോളെജുകളില്‍ ഫീസ് കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ പ്രഫഷനല്‍ കോളജുകളിലെ ഫീസ് കുറയ്ക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഫീസ് എന്തുമാത്രം കുറയ്ക്കുമെന്നും മറ്റുമുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കും.
സ്വാശ്രയ കോളജ് പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം വേണമെന്നും . പ്രവേശനത്തിലെ അനിശ്ചിതത്വം ഒഴിവാക്കണമെന്നും യോഗത്തില്‍ സിപിഐ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഈ കാര്യങ്ങള്‍ 14നു ചേരുന്ന യോഗത്തില്‍ പരിഗണിക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. സ്വാശ്രയ കോളജ് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പൊതുവെ മുന്നണിയില്‍ സ്വാഗതം ചെയ്യപ്പെട്ടെന്നു കണ്‍വീനര്‍ വൈക്കം
വിശ്വന്‍ പറഞ്ഞു.
ഫീസ് കുറയ്ക്കാനുള്ള തീരുമാനം പുതിയ നിയമപ്രശ്നങ്ങള്‍ക്കു വഴിതെളിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വാശ്രയ പ്രശ്നത്തില്‍ ഇടഞ്ഞ സിപിഐയെയും ആര്‍എസ്പിയെയും അനുനയിപ്പിക്കാനാണ് എല്‍ഡിഎഫ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
എന്നാല്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ട് അലോട്മെന്റ് കഴിഞ്ഞശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളജുകളിലെ ഫീസ് കുറയ്ക്കുന്നതു പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.
വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷന്‍ നല്‍കാന്‍ വീണ്ടും അവസരം കൊടുത്തില്ലെങ്കില്‍ ആരെങ്കിലും കോടതിയെ സമീപിക്കാം. ഇതിനോടകം പ്രവേശനം ലഭിച്ചവര്‍ക്കു മാത്രം ഫീസ് ഇളവു നല്‍കുന്നത് അനീതിയാണെന്നായിരിക്കും അവസരം നഷ്ടപ്പെട്ടവര്‍ വാദിക്കുക.












Click it and Unblock the Notifications