റീദയുടെ മരണം: ആരോഗ്യമന്ത്രി മാപ്പു പറഞ്ഞു
ദില്ലി: ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി ബാധിച്ച് മരിച്ച 14 കാരി റീദ ഷെയ്‌ക്കിന്റെ കുടുംബത്തോട് കേന്ദ്ര ആരോഗ്യമന്ത്രി ക്ഷമാപണം നടത്തി. പന്നിപ്പനി ബാധിച്ച മകളെ കൊണ്ട് മാതാപിതാക്കള്‍ മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയത് രോഗബാധ പരത്തിയെന്ന തന്റെ പരാമര്‍ശത്തിന്റെ പേരിലാണ് ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് മാപ്പു പറഞ്ഞത്.
പുനെയില്‍ രോഗം പടര്‍ന്നത് റീദയില്‍ നിന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിയ്‌ക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമാണ് ആസാദിന്റെ വിശദീകരണം.
റീദയെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നതിനാല്‍ 85 ഓളം പേര്‍ക്കെങ്കിലും പന്നിപ്പനി പകര്‍ന്നിട്ടുണ്ടാവുമെന്ന് ഗുലാം നബി ആസാദ് ദൂരദര്‍ശന് നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ റീദയുടെ കുടുംബം ഞായറാഴ്‌ച പത്രസമ്മേളനം നടത്തിയിരുന്നു. ആസാദിന്റെ പ്രസ്‌താവനക്കെതിരെ റീദയുടെ അമ്മ വികാരപരമായാണ് പ്രതികരിച്ചത്.
രോഗം ബാധിച്ച് മരിച്ച തന്റെ മകളെ കുറ്റപ്പെടുത്തിയതിലൂടെ ഒരമ്മയുടെ വികാരത്തെയാണ് മന്ത്രി മുറിവേല്‍പ്പിച്ചിരിയ്‌ക്കുന്നതെന്ന് റീദയുടെ അമ്മ പറഞ്ഞു. ചികിത്സ തേടിയെന്ന് പറഞ്ഞ ആശുപത്രികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും നിരുത്തരവാദപരമായി പ്രതികരിച്ചതിന് മന്ത്രി മാപ്പ് ചോദിയ്‌ക്കുകയോ രാജി വെയ്‌ക്കുകയോ ചെയ്യണമെന്നും റീദയുടെ അമ്മ ശിര്‍ഷീന്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ എച്ച്1എന്‍1 വൈറസ് ബാധയാണെന്ന് തിരിച്ചറിയാതെ റീദയെ നാല് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് നിരവധി പേര്‍ക്ക് രോഗബാധയുണ് ടാവുന്നതിന് കാരണമായിരിയ്‌ക്കാമെന്നാണ് ഗുലാം നബി പറഞ്ഞത്. ഓഗസ്റ്റ് മൂന്നിനാണ് പന്നിപ്പനി ബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റീദ ഷെയ്‌ക്ക് മരിച്ചത്.












Click it and Unblock the Notifications