ലാവലിന്‍: പിണറായി സുപ്രീം കോടതിയില്‍
ദില്ലി: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ മറികടന്ന് ഗവര്‍ണര്‍ ആര്‍എസ് ഗവായി പ്രോസിക്യൂഷന്‍ അനുമതി നല്‌കിയതിനെതിരെയാണ് പിണറായി വിജയന്‍ റിട്ട് ഹര്‍ജി നല്‌കിയിരിക്കുന്നത്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പിഎച്ച് പരേഖിന്റെ ഓഫീസാണ് പിണറായിക്ക് വേണ്ടി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. പരേഖിന്റെ മകന്‍ അഡ്വക്കേറ്റ് സമീര്‍ പരേഖാണ് ഹര്‍ജി തയ്യാറാക്കുന്നതിന് മേല്‍ നോട്ടം വഹിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സുപ്രീം കോടതിയില്‍ 23491 എന്ന നന്പറില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യേണ്ടെന്നായിരുന്നു സിപിഎം ആദ്യം സ്വീകരിച്ചിരുന്ന നിലപാട്. ഹര്‍ജിയില്‍ പ്രതികൂല തീരുമാനം ഉണ്ടായാല്‍ പാര്‍ട്ടിയ്‌ക്ക് നാണക്കേടാവുമെന്നും പിണറായിയെ പാര്‍ട്ടി നേതൃത്വം ധരിപ്പിച്ചിരുന്നു.
എന്നാല്‍ ഹര്‍ജി നല്‌കുന്നതാണ് നല്ലതെന്ന നിയമോപദേശം ലഭിയ്‌ക്കുകയാണെങ്കില്‍ തങ്ങള്‍ തടസ്സം നില്‌ക്കുകയില്ലെന്നും അവര്‍ അറിയിച്ചിരുന്നതായി സൂചനയുണ്ട്. ഹര്‍ജിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ അടുത്ത മാസം 24ന് പിണറായി ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യവും ഹര്‍ജിയ്ക്കുണ്ട്.












Click it and Unblock the Notifications