പന്നിപ്പനി: ബാംഗ്ലൂരില്‍ സ്‌കൂള്‍ അടച്ചു
ബാംഗ്ലൂര്‍: വിദ്യാര്‍ത്ഥിയ്‌ക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരിലെ സ്‌കൂള്‍ ഒരാഴ്‌ചത്തേയ്‌ക്ക് അടച്ചു.
ഫ്രാന്‍ങ്ക് ആന്റണി പബ്ലിക് സ്‌കൂളാണ് ഒരാഴ്‌ചത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിലെ പതിനാലുകാരനായ വിദ്യാര്‍ത്ഥിയ്‌ക്കാണ് പനിബാധ കണ്ടെത്തിയത്.
പന്നിപ്പനിബാധയെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ ആദ്യമായി അവധി പ്രഖ്യാപിക്കുന്നത് ഈ സ്‌കൂളിലാണ്. തിങ്കളാഴ്‌ച രാവിലെ കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നെങ്കിലും അവധിയാണെന്നു പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
പന്നിപ്പനി കണ്ടെത്തിയ കുട്ടി ജയനഗറിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശരീരം മരുന്നുകളോട് വേണ്ടതരത്തില്‍ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഐ ആര്‍ പെരുമാള്‍ പറഞ്ഞു.
കുട്ടികളില്‍ അസുഖം പടര്‍ന്നുപിടിക്കാതിരിക്കാനാണ് സ്‌കൂള്‍ ഒരാഴ്‌ച അടച്ചിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ബാംഗ്ലൂരിലെ സ്‌കൂളുകളില്‍ പന്നിപ്പനി സംബന്ധിച്ച പരിശോധനകള്‍ ആഗസ്‌റ്റ് ഒന്നിന് തന്നെ തുടങ്ങിയിരുന്നു.
സംസ്ഥാനത്തിന് പതിനായിരത്തിലേറെ ടാമിഫ്‌ളു ഗുളികകള്‍ ഇതിനോടകം വിതരണം ചെയ്‌തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കര്‍ണാടകത്തില്‍ ഇതേവരെ 74 പേര്‍ക്കാണ് പന്നിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ അഞ്ചുപേര്‍ മംഗലാപുരത്തുള്ളവരും ബാക്കിയുള്ളവര്‍ ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമാണ്.












Click it and Unblock the Notifications