1 കോടിയുടെ കളവ്: ജീവനക്കാര്‍ പിടിയില്‍
തൃശൂര്‍: ബാങ്കിലേക്ക് കൊണ്ടു പോകുന്നതിനിടെ മണി കളക്ഷന്‍ ഏജന്‍സിയുടെ വാനില്‍ നിന്നും മോഷണം പോയ ഒരു കോടി രൂപ ചാവക്കാട്ടു നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ രണ്ട് ജീവനക്കാരടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊന്നാനി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നു തൃശ്ശൂര്‍ സിറ്റിസെന്ററിലെ ആക്‌സിസ് ബാങ്കിന്റെ ബ്രാഞ്ചില്‍ അടയ്‌ക്കാനായി വാഹനത്തില്‍ കൊണ്‌ടു പോവുകയായിരുന്ന ഒരു കോടി രൂപ കളവു പോയതായി തിങ്കളാഴ്‌ചയാണ് എംഎസ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ പരാതിപ്പെട്ടത്.
വാഹനത്തിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്‌ണന്‍, സുഹൃത്ത് സൂരജ്, മാനേജര്‍ ജെയിംസ് എന്നിവരാണ് പോലീസ് പിടിയിലായത്. പൊന്നാനി അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കില്‍നിന്ന് ഒരു കോടി രൂപ ശേഖരിച്ച ഏജന്‍സി സംഘം ഒമ്‌നി വാനില്‍ തൃശൂര്‍ക്ക് വരുന്നതിനിടെ പണം തട്ടിയെന്നായിരുന്നു ജീവനക്കാരുടെ പരാതി.
വഴിയില്‍ വണ്ടി നിര്‍ത്തി ചാവക്കാടുള്ള മദ്യഷാപ്പില്‍ നിന്ന് മദ്യപിച്ചിരുന്നതായും സുരക്ഷാ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞിരുന്നു. വാന്‍ പൂട്ടിയാണിവര്‍ ഇവര്‍ മദ്യപിയ്‌ക്കാന്‍ ഇറങ്ങിയത്. തിരികെ വന്നപ്പോഴും വാന്‍ പൂട്ടിയ നിലയില്‍ത്തന്നെ ആയിരുന്നു.
തൃശൂരിലെത്തി പെട്ടി തുറന്നപ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരമറിയുന്നതെന്നാണ് ജീവനക്കാര്‍ തിങ്കളാഴ്‌ച പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനിടെ തങ്ങള്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് ജീവനക്കാര്‍ സമ്മതിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications