അഭയ: സാക്ഷികളുടെ നാര്‍ക്കോ പരിശോധനക്ക് സ്‌റ്റേ
ദില്ലി: സിസ്റ്റര്‍ അഭയ കേസില്‍ മൂന്ന് സാക്ഷികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സിബിഐയ്‌ക്ക് ഹൈക്കോടതി നല്‍കിയ അനുമതി സുപ്രീം കോടതി താത്‌കാലികമായി തടഞ്ഞു. നാര്‍ക്കോ പരിശോധന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്ന് രണ്‌ടാഴ്‌ചയ്‌ക്കകം സിബിഐ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഭയ താമസിച്ചിരുന്ന പയസ്‌ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസികളായിരുന്ന സിസ്‌റ്റര്‍ ഷേര്‍ളി, ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിയ്‌ക്കുന്നത്.
സിബിഐയുടെ ആവശ്യപ്രകാരം എറണാകുളം സിജെഎം കോടതിയാണ് മൂന്നു സാക്ഷികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ അനുമതി നല്‍കിയത്. അഭയയുടെ കൊലപാതകത്തെ സംബന്ധിച്ച് ഈ മൂന്ന് പേര്‍ക്കും പല വിവരങ്ങളും അറിയാമെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സിബിഐ അനുമതി തേടിയത്. ഹൈക്കോടതിയും ഇത് ശരിവച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നാര്‍ക്കോ പരിശോധന തങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്‌ടാക്കുമെന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചത്. നാര്‍ക്കോ പരിശോധന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്ന് വ്യക്തമാക്കാന്‍ കോടതി സിബിഐയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
സിബിഐയുടെ വിശദീകരണത്തില്‍ തീരുമാനം എടുക്കുന്നതുവരെ പരിശോധന നടത്താനുളള അനുമതി താല്‍കാലികമായി സ്റ്റേ ചെയ്യുകയാണെന്നും ജസ്റ്റിസുമാരായ ഡികെ ജയിന്‍, എച്ച്‌എല്‍ ദത്തു എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications