മതസ്വാതന്ത്ര്യം: ഇന്ത്യ പിന്നിലെന്ന്
വാഷിങ്‌ടണ്‍: മതസ്വാതന്ത്ര്യം അനുവദിയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയ രാഷ്ട്രങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ പട്ടികയില്‍ ഇന്ത്യയും. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) പുറത്തിറക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതും അവയെ നേരിടുന്നതില്‍ വീഴ്‌ചവരുത്തുന്നതുമാണ് ഇന്ത്യ പട്ടികയില്‍ ഇടം പിടിക്കാന്‍ കാരണമെന്ന് കമ്മീഷന്‍ പറയുന്നു. ഒറീസയില്‍ 2008 ല്‍ ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ക്കുനേരെയുണ്ടായ ആക്രമണവും ഗുജറാത്തില്‍ 2002 ല്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കുനേരെയുണ്ടായ ആക്രമണവുമാണ് കമ്മീഷന്‍ ഇതിനായി ചൂണ്ടിക്കാണിയ്‌ക്കുന്നത്.
റഷ്യന്‍ ഫെഡറേഷന്‍, ക്യൂബ, അഫ്‌ഗാനിസ്ഥാന്‍, ലാവോസ്, ഈജിപ്‌ത്, ഇന്‍ഡോനേഷ്യ, താജിക്കിസ്ഥാന്‍, വെനിസ്വേല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് പുറമെ പട്ടികയില്‍ ഉള്‍പ്പെട്ടിരിയ്‌ക്കുന്നത്.
എല്ലാവര്‍ഷവും മേയ് മാസത്തിലാണ് ഈ പട്ടിക തയ്യാറാക്കാറുള്ളത്. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നതിനാലാണ് റിപ്പോര്‍ട്ട് വൈകിയത്. എന്നാല്‍ കമ്മീഷനിലെ അംഗങ്ങള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
വര്‍ഗീയാക്രമണക്കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇത്തരം വീഴ്‌ചകള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ആശങ്കയും വളര്‍ത്താന്‍ ഇടയാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്രാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കമ്മീഷനിലെ അംഗങ്ങളെ അമേരിക്കന്‍ പ്രസിഡന്റും സെനറ്റിലെ ഭരണപ്രതിപക്ഷ നേതാക്കന്മാരും ചേര്‍ന്നാണ് തീരുമാനിക്കുന്നത്.












Click it and Unblock the Notifications