Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ബാക്കിയാക്കി ഇന്ത്യ ആസിയാന്‍ കരാറിലേക്ക്

ബാങ്കോക്ക്‌: ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ വ്യാഴാഴ്‌ച ഒപ്പുവെയ്‌ക്കും. ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ തായ്‌ലാന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കില്‍ നടക്കുന്ന ആസിയാന്‍ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലാണ്‌ കരാര്‍ ഒപ്പിടുകയെന്ന്‌ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ അറിയിച്ചു.

2005ല്‍ തുടക്കമിട്ട പത്ത്‌ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ഇതോടെ ഫലപ്രാപ്‌തിയിലെത്തും. ആനന്ദ്‌ ശര്‍മയോടൊപ്പം വാണിജ്യ വകുപ്പ്‌ സെക്രട്ടറി രാഹുല്‍ ഖുള്ളറും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും ബാങ്കോക്കില്‍ എത്തിയിട്ടുണ്ട്‌.

കരാര്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ 85 % ഇനങ്ങള്‍ക്ക്‌ പത്ത്‌ കൊല്ലത്തിനകം നികുതി കുറയ്‌ക്കുകയോ എടുത്ത്‌ കളയുകയോ ചെയ്യേണ്ടി വരും. പല ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി തീരുവ കുറയ്‌ക്കേണ്ടി വരുന്നത്‌ കേരളത്തിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിയ്‌ക്കുമെന്ന ആശങ്ക നിലനില്‌ക്കുന്നുണ്ട്‌.

അതേ സമയം സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാരുമായുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും നെഗറ്റീവ്‌ പട്ടികയില്‍പ്പെടുത്തി സംരക്ഷിയ്‌ക്കുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ തീരുവ കുറയ്‌ക്കേണ്ടതില്ലാത്ത നെഗറ്റീവ്‌ പട്ടിക പുറത്ത്‌ വിടാന്‍ ഇത്‌ വരേയും കേന്ദ്രം തയ്യാറായിട്ടില്ല. കേരളം ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കോപ്പി സംസ്ഥാന സര്‍ക്കാരിന്‌ ഇതുവരെയും ലഭിച്ചിട്ടില്ല.

2003 ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഇന്ത്യ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നെഗറ്റീവ്‌ പട്ടിക സംബന്ധിച്ച്‌ അന്തിമ തീരുമാനമാകാത്തതിനാല്‍ ഒപ്പുവയ്‌ക്കല്‍ നീണ്ടു പോവുകയായിരുന്നു.

കരാര്‍ ഇന്ത്യയുടെ വ്യാപാര ഇടപാടുകളെ എങ്ങനെ ബാധിയ്‌ക്കുമെന്ന്‌ ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഇന്തോനേഷ്യയുടെ 4145 ഇനങ്ങള്‍ക്ക്‌ ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന്‌ ഇന്തോനേഷ്യന്‍ വാണിജ്യ മന്ത്രി കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 4749 ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്തോനേഷ്യയും നികുതി ഒഴിവാക്കും.

സ്വതന്ത്രവ്യാപാരക്കരാറിനെതിരെ കേരളം ഉള്‍പ്പെടെ പല സംസ്‌ഥാനങ്ങളിലെയും കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായി കേന്ദ്രമന്ത്രിസഭാ ഉപസമിതിയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. എകെ ആന്റണിയും വയലാര്‍ രവിയും സമിതിയില്‍ അംഗങ്ങളാണ്‌. കൃഷിമന്ത്രി ശരദ്‌ പവാര്‍, വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌, വ്യാപാര മന്ത്രി ആനന്ദ്‌ ശര്‍മ, നിയമമന്ത്രി വീരപ്പ മൊയ്‌ലി, ഗ്രാമവികസന മന്ത്രി സി. പി. ജോഷി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.

ആസിയാന്‍ കരാര്‍ കേരളത്തിലെ കര്‍ഷകര്‍ക്കു ദോഷം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നേരില്‍ കണ്ട്‌ അറിയിച്ചിരുന്നു.

ഈ ചര്‍ച്ചകളിലാണ്‌ കേരളത്തിന്റെ ആശങ്കകള്‍ ഒഴിവാക്കാനായി 489 ഇനങ്ങള്‍ നെഗറ്റീവ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്രം അറിയിച്ചത്‌. എന്നാല്‍ ഇത്‌ ഏതൊക്കെയാണെന്ന്‌ വെളിപ്പെടുത്താന്‍ ഇപ്പോഴും തയാറാകാത്തത്‌ സംസ്ഥാനത്തെ കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേരളത്തിന്‌ ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പ്രധാനമന്ത്രിയ്‌ക്ക്‌ ഫാക്‌സ്‌ അയച്ചിട്ടുണ്ട്‌. കരാര്‍ ഒപ്പിടുമെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചത്‌. ഈ മാസം ഏഴിനകം കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കാമെന്നായിരുന്നു പ്രധാനമന്ത്രി ഉറപ്പു നല്‌കിയിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+