അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍
കൊച്ചി: തൃപ്പൂണിത്തുറയിലും കോട്ടയത്തും ജൂലൈയില്‍ ബാങ്കുകള്‍ക്കു സമീപം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം പിടിയിലായി. ആറുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരു 12 വയസ്സുകാരനും ഉണ്ട്.
കോട്ടയത്തെ ബാങ്കില്‍ നിന്നു പണവുമായി ഇറങ്ങിയയാളില്‍ നിന്നും പട്ടാപ്പകലായിരുന്നു നാലംഗസംഘം ഏഴേമുക്കാല്‍ ലക്ഷംരൂപ കവര്‍ന്നത്. ആനകുത്തി പത്തൊന്‍പതാം മൈല്‍ തണ്ണിപ്ളാക്കല്‍ ബാബു ജേക്കബില്‍ നിന്നായിരുന്നു പണം തട്ടിയെടുത്തത്.
ബാങ്കില്‍ നിന്നു പണവുമായിറങ്ങിയ ബാബുവിനെ പിന്തുടര്‍ന്ന മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ ആദ്യം ചെളി തെറിപ്പിക്കുകയും പിന്നീട് അത് ചൂണ്ടിക്കാട്ടി മോഷണത്തിന് അവസരമൊരുക്കുകയുമായിരുന്നു.
ബാബു അഴുക്കു കഴുകാനായി തൊട്ടടുത്ത കടയിലേക്കു കയറിയപ്പോള്‍ മോഷ്ടാക്കള്‍ ആസൂത്രിതമായി പണം തട്ടിയെടുത്തു.
കടയിലെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തൃപ്പൂണിത്തുറയിലും ഏറെക്കുറെ സമാനമായ കവര്‍ച്ചയായിരുന്നു നടന്നത്. പ്രതികള്‍ തമ്മിലുള്ള സാമ്യവും തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications