കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് ഇന്ത്യയില്‍
ദില്ലി: ലോകത്ത് ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിയമവ്യവസ്ഥ കാലോചിതമായി പരിഷ്‌ക്കരിയ്‌ക്കേണ്ടിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ജഡ്‌ജിമാരുടെയും സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മൂവായിരത്തോളം ജഡ്‌ജിമാരുടെ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. മികവിന്റെ അടിസ്ഥാനത്തില്‍ ജഡ്‌ജിമാരെ നിയമിയ്‌ക്കണം. ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തണം.ജഡ്‌ജിമാരുടെ നിയമനത്തില്‍ കാലതാമസം നേരിടുന്നു. കാലതാമസം ഒഴിവാക്കി നിയമനങ്ങള്‍ നടത്താന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നീണ്ടുപോകുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണ് നിയമവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് 71 പുതിയ സിബിഐ കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതിയില്‍ 52,592 കേസുകളും ഹൈക്കോടതികളില്‍ 40,17,956 കേസുകളും കെട്ടിക്കിടക്കുന്നതായി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തി. രാജ്യത്ത് വാണിജ്യ കോടതികള്‍ തുടങ്ങുമെന്ന് കേന്ദ്ര നിയമമന്ത്രി എം വീരപ്പ മൊയ്‌ലിയും പറഞ്ഞു.
നിയമരംഗത്തെ പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിമാരും ഹൈക്കോടതി ജഡ്‌ജിമാരും സമ്മേളിക്കുന്നത്. സംസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. പകരം നിയമമന്ത്രി എം വിജയകുമാറാണ് പങ്കെടുക്കുന്നത്.












Click it and Unblock the Notifications