രാഷ്‌ട്രപതിയുടെ സുരക്ഷാസൈനികര്‍ പീഡന കേസില്‍
ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച സൈനികര്‍ അടങ്ങുന്ന രാഷ്ട്രപതിയുടെ സുരക്ഷാസേനയിലെ നാല് സൈനികര്‍ കൂട്ട ബലാത്സംഗ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ആറു വര്‍ഷം മുന്‍പ് ദില്ലിയിലെ ബുദ്ധജയന്തി പാര്‍ക്കില്‍ നടന്ന കൂട്ടബലാല്‍സംഗ കേസിലാണ് വിധി. ശിക്ഷ 22ന് പ്രഖ്യാപിക്കും.
രാഷ്‌ട്രപതിയുടെ സുരക്ഷാ സേനയില്‍ അംഗങ്ങളായ ഹര്‍പ്രീത് സിങ്, സത്യേന്ദ്ര സിങ് എന്നിവരെ ബലാല്‍സംഗത്തിനും കുല്‍ദീപ് സിങ്, മാനിഷ് കുമാര്‍ എന്നിവരെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനുമാണ് കുറ്റക്കാരെന്ന് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരിയ്‌ക്കുന്നത്.
ദില്ലി യൂണിവേഴ്‌സിറ്റില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പതിനേഴുകാരിയെ 2003 ഒക്‌ടോബര്‍ ആറിന് രാഷ്‌ട്രപതി ഭവന് സമീപമുളള ബുദ്ധജയന്തി പാര്‍ക്കില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നതാണ് കേസ്. സുഹൃത്ത് ആശിഷിനൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പ്രീതും സത്യേന്ദ്രനാഥുമാണ് ബലാല്‍സംഗം ചെയ്‌തത്. കുല്‍ദീപ് സിങ്ങും മാനിഷ് കുമാറും ഇവര്‍ക്ക് കാവല്‍ നില്‌ക്കുകയും ചെയ്‌തു.
സംഭവം നടന്നതിന് തൊട്ടടുത്ത മാസം തന്നെ പ്രതികള്‍ നാലു പേരെയും പോലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 പ്രകാരം കൂട്ടബലാല്‍സംഗകുറ്റം ഹര്‍പ്രീതും സത്യേന്ദ്രസിങ്ങും ചെയ്‌തതായി അഡീഷണല്‍ സെഷന്‍ ജഡ്‌ജി എസ്‌കെ സരവാരിയ കണ്ടെത്തി. കൊളള, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ കൂടി പ്രതികള്‍ ചെയ്‌തതായി കോടതി വിധിയിലുണ്ട്.
കോടതി വിധിയില്‍ നിരാശരാണെന്ന് താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ആറു വര്‍ഷത്തോളം തടവുശിക്ഷയനുഭവിച്ച ഇവരെ വെറുതെ വിടുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ബന്ധുക്കള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.












Click it and Unblock the Notifications