ഇടമലയാര്‍: വിഎസിന്റെ ഹര്‍ജി നീട്ടിവെച്ചു
ദില്ലി: മുന്‍ വൈദ്യുതി മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള പ്രതിയായ ഇടമലയാര്‍ അഴിമതിക്കേസില്‍ അടിയന്തിരവാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി നാലാഴ്‌ചത്തേയ്‌ക്ക് മാറ്റിവെച്ചു. കേസില്‍ ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായാണ് കേസ് മാറ്റിവെച്ചത്.
ഹര്‍ജി പരിഗണിച്ച ഉടനെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലേ എന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്ന സമയത്ത് സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല.
സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ അഴിമതി കേസായതിനാല്‍ ഇടമലയാര്‍ കേസ് അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് വിഎസ് സ്വന്തം പേരില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്.
കേസിന്റെ വിധി വൈകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രമുഖ അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ ശാന്തിഭൂഷനാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് വിഎസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications