അഭയ: സിബിഐക്കെതിരായ ഹര്‍ജി എട്ടിലേക്ക് മാറ്റി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയലക്ഷ്യം കാട്ടിയെന്ന ഹര്‍ജി പരിഗണിയ്‌ക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റിവച്ചു. സിബിഐയുടെ എതിര്‍ സത്യവാങ്‌മൂലത്തിനു മറുപടി നല്‍കാന്‍ അഭയയുടെ പിതാവ് സാവകാശം തേടിയതിനെ തുടര്‍ന്നാണ് നടപടി.
നാര്‍ക്കോ പരിശോധനയുടെ യഥാര്‍ഥ വീഡിയോ കാസറ്റ് കണ്ടെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സിബിഐ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ചാണ് അഭയയുടെ പിതാവ് ഐക്കര കുന്നേല്‍ തോമസ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
അഭയയുടെ പിതാവിനോട് എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിശദമായ സത്യവാങ്‌മൂലം സിബിഐ ഡിവിഷന്‍ ബഞ്ചിന് കൈമാറി. വിഷയത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ നേരത്തേ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അഭയകേസിലെ സാക്ഷി കെടി മൈക്കിളിന്റെ നാര്‍കോ പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവച്ചു. മറ്റു സാക്ഷികളുടെ ഹര്‍ജികള്‍ സുപ്രീം കോടതി പരിശോധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. നാര്‍ക്കോ പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് മൈക്കിള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications