കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് വിമര്‍ശനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണരംഗത്തെ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, എം.എ ബേബി, എം.വിജയകുമാര്‍, എസ്.ശര്‍മ്മ എന്നിവര്‍ക്ക് സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം.

മറ്റു വകുപ്പുകളില്‍നിന്നുമെത്തുന്ന പല സുപ്രധാന പദ്ധതികളുടെ ഫയലുകളും മറ്റും വെച്ചുതാമസിപ്പിക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഒഫീസിനെതിരെയും വിമര്‍ശനമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ശേഷിക്കുന്ന ഭരണകാലത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന പാര്‍ട്ടി രേഖയുടെ ചര്‍ച്ചയ്ക്കിടയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

മന്ത്രിമാരുടെ പ്രവര്‍ത്തനരീതികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവെങ്കിലും വ്യക്തിപരമായ വിമര്‍ശനമുണ്ടായില്ല. തദ്ദേശ സ്വയംഭരണവകുപ്പിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം‍.

വകുപ്പ്‌സെക്രട്ടറിയുടെ ഭരണമാണ് അവിടെ നടക്കുന്നത്. ഒന്നിന് പുറകെ ഒന്നായി പരസ്​പരവിരുദ്ധമായ ഉത്തരവുകള്‍ പുറത്തുവരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കെട്ടിട നികുതി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിയെന്നും വിമര്‍ശം ഉയര്‍ന്നു.

സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ അടക്കം വിദ്യാഭ്യാസവകുപ്പില്‍ നടപ്പാക്കുന്ന പല പദ്ധതികളും പ്രായോഗികവും ജനവികാരം പ്രതിഫലിപ്പിക്കുന്നതും അല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ദേശീയ ഗെയിംസ്, വിഴിഞ്ഞം പദ്ധതി എന്നിവയുടെ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ മന്ത്രി എം.വിജയകുമാറിനും സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ എസ്.ശര്‍മ്മയ്ക്കുമെതിരെ വിമര്‍ശനമുണ്ടായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍നിന്നും കരകയറുക, നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സി.പി.എം. സെക്രട്ടേറിയറ്റ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലയളവിനുള്ളില്‍ ജനപ്രിയ നടപടികള്‍ വഴി, അടുത്തുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടുക എന്നതും രേഖയുടെ ലക്ഷ്യമാണ്. ചൊവ്വാഴ്ചയും സംസ്ഥാനസമിതിയോഗം തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X