വ്യാജരേഖ കേസ്: കൂടുതല്‍ അന്വേഷണം നടത്തണം
കൊച്ചി: മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് ഉള്‍പ്പെട്ട വ്യാജരേഖ കേസില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേസ് പിന്‍വലിക്കുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാനുള്ള തിരുവനന്തപുരം സിജെഎംകോടതി നടപടി ഹൈക്കോടതി റദ്ദാക്കി.
മുന്‍മന്ത്രി കെ. വി തോമസിനെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജന്‍സ് ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നാണ് ശോഭനാ ജോര്‍ജിനെതിരായ കേസ്.
ശോഭന ജോര്‍ജ്, ചന്ദ്രമോഹന്‍, ജയചന്ദ്രന്‍, അനില്‍ പി. ശ്രീരംഗം എന്നിവരാണ് ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. മന്ത്രിയായിരുന്ന കെ.വി തോമസിന്റെ പ്രതിഛായ തകര്‍ക്കാനും ഒന്നാംപ്രതിക്കു മന്ത്രിപദം കരസ്ഥമാക്കാനും വേണ്ടി കൃത്രിമ രേഖചമച്ചു വാര്‍ത്ത നല്‍കിയെന്നാണു ഇവര്‍ക്കെതിരായ കേസ്. ആകെ ഏഴു പ്രതികളാണു കേസിലുള്ളത്.
വ്യാജരേഖാ കേസില്‍ പുനരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഉത്തരവിന്റെ പുനര്‍വാദം കേള്‍ക്കാനും അതേ കോടതി തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications