ആസിയാന്‍ കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു
ദില്ലി: ആശങ്കകള്‍ ബാക്കി നില്‍ക്കെ ആസിയാന്‍ സ്വാതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. വാണിജ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് കരാറിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരിയ്‌ക്കുന്നത്.
കേരളത്തിന്റെ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളായ റബ്ബര്‍, നാളികേരം, സുഗന്ധ വ്യഞ്‌ജനങ്ങള്‍ എന്നിവ എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റ് എന്ന് പേരിട്ടിരിയ്‌ക്കുന്ന നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തേയില, കാപ്പി, കുരുമുളക് എന്നിവയെ തീവ്ര സംരക്ഷണ പട്ടികയില്‍ മാത്രം ഉള്‍ക്കൊള്ളിച്ചത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
തീവ്ര സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പ്രതിവര്‍ഷം 5% വീതം കുറയുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകും. ഇപ്പോള്‍ 70 ശതമാനം ഇറക്കുമതി തീരുവയുള്ള കുരുമുളകിനും 100 ശതമാനം തീരുവയുള്ള കാപ്പിക്കും അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി തീരുവ പകുതിയായി കുറയ്‌ക്കേണ്ടി വരും. ഇതോടെ ഇപ്പോള്‍ തന്നെ ഭീഷണിയായ വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ പ്രതിരോധിയ്‌ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിയാത്ത അവസ്‌ഥ സംജാതമാക്കും. നാളികേരത്തിന്റെ വിലയിടിവിന് പ്രധാന കാരണമായ പാമോയിലിന്റെ ഇറക്കുമതി തീരുവ കരാര്‍ പ്രകാരം പ്രതിവര്‍ഷം 4% വീതം കുറയും. ഇത് ഭാവിയില്‍ കേര കര്‍ഷകരുടെ നട്ടെല്ലൊടിയ്‌ക്കുമെന്ന് കരാറിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉല്‌പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംരക്ഷിത പട്ടിക വര്‍ഷാവര്‍ഷം അവലോകനം ചെയ്യണമെന്ന അപകടകരമായ വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്‌പര വ്യാപാരം പ്രോത്സാഹിപ്പിയ്‌ക്കുന്ന തരത്തിലായിരിക്കണം അവലോകനമെന്നും കരാറിലുണ്ട്. സംരക്ഷണപട്ടികയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാമെന്ന് വ്യക്തമാക്കുന്നതാണ് ഈ വ്യവസ്ഥ.
ഒരു വര്‍ഷത്തെ നോട്ടീസ് നല്‍കി ഏതു രാജ്യത്തിനും കരാറില്‍ നിന്ന് പിന്‍മാറാമെങ്കിലും ആസിയാന്‍ രാജ്യങ്ങളുടെ അനുമതി ഇതിന് ആവശ്യമാണ്. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ 2010 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിലാവുക. കേരളമടക്കമുളള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ആഗസ്റ്റ് 14 ന് തായ്‌ലന്റില്‍ വച്ച് കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം 10 ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനത്തിന്റെയും നികുതി പത്ത് കൊല്ലത്തിനകം കുറയ്‌ക്കുകയോ എടുത്ത് കളയുകയോ ചെയ്യേണ് ടി വരും.












Click it and Unblock the Notifications