പതിനേഴുകാരി കൊലചെയ്തത് 30പേരെ
സാവോപോളോ : ഒരു ജീവിതകാലം മുഴുവന്‍ കൊള്ളയ്ക്കും കൊലയ്ക്കുമായി മാറ്റിവച്ച് ഒരുപാടുകാലം നിയമത്തിന്‍റെ കണ്ണുവെട്ടിച്ച് ഒടുവില്‍ പിടിയിലായ കുറ്റവാളികള്‍ ലോകത്തില്‍ പലയിടത്തുമുണ്ട്. എന്നാല്‍ പതിനേഴുവയസ്സിനിടെ 30കൊല നടത്തുകയെന്നത് ഇവരില്‍ പലര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു.
കഴിഞ്ഞദിവസം ബ്രസീലില്‍ പിടിയിലായ കൌമാരക്കാരിയായ പരമ്പരക്കൊലയാളിയാണ് പ്രായവും കൊലപാതകങ്ങളുടെ എണ്ണവുംകൊണ്ട് ജനങ്ങളെയും അധികൃതരെയും ഒന്നുപോലെ ഞെട്ടിച്ചിരിക്കുന്നത്. പതിനേഴ് വയസ്സിനുള്ളില്‍ 30 കൊലകള്‍, എല്ലാം നടത്തിയത് കത്തികൊണ്ടാണെന്നത് മറ്റൊരു പ്രത്യേകത.
കഴിഞ്ഞദിവസം സാവോപോളോയിലെ തെരുവിലുണ്ടായ അടിപിടിയെത്തുടര്‍ന്നാണ് കൌമാരക്കാരി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൊലക്കത്തിക്ക് ഇരയായവര്‍ ഒട്ടുമിക്കതും പുരുഷന്മാരായിരുന്നു. പിടിയിലായ പെണ്‍കുട്ടിയെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പതിനഞ്ചു വയസുള്ളപ്പോഴായിരുന്നത്രേ ആദ്യ കൊലപാതകം. സാവോപോളോയിലും പരിസരങ്ങളിലും വച്ചായിരുന്നു കൊലകള്‍ ഏറെയും നടന്നത്. പണത്തിനും പ്രതികാരത്തിനും നീതിക്കുംവേണ്ടിയാണ് താനീ കൊലപാതകങ്ങളെല്ലാം ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു.
ഇത്രയും കൊലപാതകങ്ങള്‍ നടത്തിയെങ്കിലും കുറ്റബോധം ഒരല്‍പ്പം പോലും ഈ കുട്ടിയെ അലട്ടുന്നില്ല. ഇത്രയുംപേരെ കൊലപ്പെടുത്തിയെങ്കിലും തോക്കിനോട് പെണ്‍കുട്ടിക്ക് പേടിയാണ്. തോക്കുകൊണ്ട് നടക്കാനുള്ള ധൈര്യമില്ലാത്തതിനാലാണ് താന്‍ കൊലപാതകങ്ങള്‍ക്ക് കത്തി ഉപയോഗിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.
പതിനെട്ടുവയസാകുന്നതോടെ എല്ലാം ഏറ്റുപറയാനിരുന്നതാണെന്നും പെണ്‍കുട്ടി പറയുന്നു. കൊലപാതക പരമ്പരകള്‍ക്കായി മാഫിയാസംഘങ്ങള്‍ പെണ്‍കുട്ടിയെ വാടകയ്ക്കെടുത്തതായിരിക്കാം എന്ന സംശയവും പൊലീസിനുണ്ട്. അതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications