മാനഭംഗപ്പെടുത്തിയ യുവാവിനെ യുവതി കൊന്നു
മുംബൈ: പലപ്പോഴും മാനഭംഗത്തിന് ഇരയാക്കപ്പെടുന്ന സ്‌ത്രീകള്‍ക്ക് അവസാനം പൊലീസില്‍ ഒരു പരാതി കൊടുക്കുകയോ മനംനൊന്ത് ആത്മഹത്യ ചെയ്യുകയോ അല്ലാതെ തല്‍സമയത്ത് പ്രതികരിക്കാന്‍ കഴിയാറില്ല.
എന്നാല്‍ അപൂര്‍വ്വം ചിലര്‍ അതിശക്തമായി പ്രതികരിച്ച ചരിത്രമുണ്ടുതാനും. ഇതാ അക്കൂട്ടത്തിലേയ്‌ക്ക് പുതിയൊരാളും. മുംബൈ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് തന്നെ മാനഭംഗപ്പെടുത്തിയ ആളോട് പ്രതികരിച്ചത്. പക്ഷേ പ്രതികാരം കൊലപാതകത്തില്‍ കലാശിച്ചത് യുവതിയുടെ ഭാവിയെ തുലാസിലാക്കിയിരിക്കുകയാണ്.
മാനഭംഗപ്പെടുത്തിയ ആളുടെ തൊണ്ട കീറിയാണ് യുവതി അയാള്‍ക്ക് മരണം വിധിച്ചത്. മുംബൈയിലെ ഭരത് നഗര്‍ സ്വദേശിയായ യുവതിയെ ഒരു ബന്ധുതന്നെയാണ് മാനഭംഗപ്പെടുത്തിയത്.
വ്യാഴാഴ്‌ച അര്‍ദ്ധരാത്രിയില്‍ ബന്ധു ഇവരുടെ വാതിലിന് മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ബന്ധുവായ ഫിറോസ് യൂസഫ് അന്‍സാരി(30)യെയാണ്‌് കണ്ടത്. ഇയാള്‍ യുവതിയോട് ഭര്‍ത്താവ് വീട്ടിലുണ്ടോയെന്ന് ചോദിച്ചു. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്നും യുവതി മറുപടി പറഞ്ഞു.
ഉടന്‍തന്നെ ഫിറോസ് കയ്യില്‍ കരുതിയിരുന്ന കത്തി കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പുറത്തിറക്കി. പിന്നീട് യുവതിയെ മുടിപിടിച്ച് വലിച്ചിഴച്ച് ആളൊഴിഞ്ഞ ഒരു മുറിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
മാനഭംഗപ്പെടുത്തുന്നതിനിടെ യൂസഫ് മറുന്നപോയ കത്തിയെടുത്ത് യുവതി ഫിറോസിന്റെ കഴുത്ത് അറുത്തു. യൂസഫ് കുഴഞ്ഞുവീണപ്പോള്‍ യുവതി ഓടി വീട്ടിലെത്തി സംഭവം ഭര്‍ത്താവിനെ അറിയിച്ചു. ഉടന്‍തന്നെ ഭര്‍ത്താവ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു.
പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. അപ്പോഴേയ്‌ക്കും യൂസഫ് മരിച്ചിരുന്നു. ഭരത് നഗറില്‍ കാരംസ് ക്ലബ്ബ് നടത്തുകയായിരുന്നു ഫിറോസ്. മാനഭംഗപ്പെടുത്തിയെന്ന വാദം കെട്ടിച്ചമച്ചതാണോയെന്നറിയാനായി യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്.
പരിശോധനാഫലം വന്നുകഴിഞ്ഞുമാത്രമേ കേസില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നും മാനഭംഗം നടന്നുവെന്ന് തെളിഞ്ഞാല്‍ ഒരുപക്ഷേ യുവതിയ്‌ക്ക് നിയമത്തിന്റെ ഇളവ് ലഭിച്ചേയ്‌ക്കുമെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്‌ച യുവതിയെ മെട്രോപൊളിറ്റണ്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications