കുട്ടിയെ രക്ഷിതാക്കള്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചു
തിരുവല്ല: നാലുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത അച്ഛനേയും രണ്ടാനമ്മയേയും പോലീസ് അറസ്റ്റുചെയ്‌തു.
തിരുമൂലപുരം എസ്‌എന്‍വി. ഇംഗ്ലീഷ്‌മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി സനീഷയ്‌ക്കാണ് രക്ഷിതാക്കളില്‍നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നത്. തിരുവല്ല പെരുന്തുരുത്തിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന, നെടുമങ്ങാട് സ്വദേശി സന്തോഷ് (32), ഭാര്യ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി സരിത (25) എന്നിവരാണ് അറസ്റ്റിലായത്. .
കുട്ടിയുടെ വലതുകൈത്തണ്ടയിലാണ് പൊള്ളല്‍ ഏല്‌പിച്ചത്. വ്രണം കരിഞ്ഞിട്ടില്ല. വലതുകണ്ണ് അടിയേറ്റ് ചുവന്ന നിലയിലാണ്. ഇടതുചെവിക്ക് പിന്നിലും മുഖത്തും തലയിലും മുറിവുകളുണ്ട്. നേരത്തെ ഒടിഞ്ഞ ഇടതുകൈത്തണ്ട, കൃത്യമായ ചികിത്സ നല്‍കാഞ്ഞതിനാല്‍ വളഞ്ഞ നിലയിലാണ്. കുട്ടിയെ താലൂക്ക് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സനീഷയുടെ ക്ലാസ് ടീച്ചര്‍ അന്നമ്മബാബു ഇടപെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞയാഴ്‌ച കൈക്ക് പൊള്ളലേറ്റ നിലയില്‍ സ്‌കൂളില്‍ വന്ന സനീഷയെ അധ്യാപിക വീട്ടില്‍ തിരികെ എത്തിച്ചിരുന്നു. വീട്ടില്‍ നില്‍ക്കാതെ അധ്യാപികയ്‌ക്കൊപ്പം വരാന്‍ വാശിപിടിച്ച കുട്ടിയെ അവിടെവച്ചുതന്നെ സരിത അടിച്ചുവെന്ന് അധ്യാപിക പറയുന്നു.
തുടര്‍ന്ന് ബുധനാഴ്‌ചയാണ് കുട്ടി സ്‌കൂളിലെത്തുന്നത്. കണ്ണ് ചുവന്നുകിടക്കുന്നതും മുഖത്തെ പാടുകളും എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. പഠിക്കാതിരുന്നതിന് അമ്മ കൈ പൊള്ളിച്ചതായി കുട്ടി പോലീസിനോട് പറഞ്ഞു.
കുട്ടിക്ക് മാനസികരോഗം ഉണ്ടെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ക്ലാസിലെ മിടുക്കി കുട്ടിയായ സനീഷയ്‌ക്ക് ഒരു രോഗലക്ഷണവും ഇല്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. പോലീസ്‌സ്റ്റേഷനില്‍ രക്ഷിതാക്കളെ കൊണ്ടുവന്നപ്പോള്‍ സനീഷ പോലീസുകാരുടെ അടുത്തേക്ക് ഓടിമാറി.
നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.ഐ കെ.ആര്‍.അനില്‍കുമാര്‍ പറഞ്ഞു. പ്രതികളെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications