യുഡിഎഫ് യോഗം ആസിയാന്‍ കരാര്‍ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിയ്‌ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മുസ്ലീം ലീഗും പരസ്യ നിലപാടെടുത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഉന്നതാധികാര സമിതി വ്യാഴാഴ്‌ച ചേരും.
കരാര്‍ കേരളത്തിന്റെ കാര്‍ഷിക-മത്സ്യബന്ധന മേഖലകളെ എങ്ങനെയൊക്കെ ബാധിയ്‌ക്കുമെന്ന് ചര്‍ച്ച ചെയ്യണമെന്ന് കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്നത്.
കരാറില്‍ നിന്ന് ഇന്ത്യയ്‌ക്ക് മാത്രമായി മാറി നില്‍ക്കാന്‍ ആവാത്ത സാഹചര്യം വിശദീകരിയ്‌ക്കുക, സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് നെഗറ്റീവ് ലിസ്റ്റ് തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളിലെത്തിയ്‌ക്കുക തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കരാറിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനെ എങ്ങനെ പ്രതിരോധിയ്‌ക്കണമെന്നും യോഗം ആരായും. കരാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാനായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications