പന്നിപ്പനി: കാനഡയില്‍ ഹസ്‌തദാനം നിരോധിച്ചു
ടൊറന്റോ: പന്നിപ്പനി പടരുന്നത് തടയാനായി കാനഡയിലെ ക്യൂബെക് നഗരത്തില്‍ ഹസ്‌തദാനം നല്‍കുന്നത് നിരോധിച്ചു.
ലോകാരോഗ്യ സംഘടന പന്നിപ്പനിയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാനഡിയ്‌ല്‍ പന്നിപ്പനി ബാധിച്ച് ഇതുവരെ 69 പേരാണ് മരിച്ചത്. അതില്‍ 21പേരും ക്യൂബെക്കുകാരാണ്.
ഈ സാഹചര്യത്തിലാണ് പന്നിപ്പനി കൂടുതല്‍പ്പേരിലേയ്‌ക്ക് പടരാതിരിക്കാനായി ഹസ്‌തദാനം നിരോധിച്ചത്. ക്യുബെക് മേയറാണ് ഈ ഉത്തരവിറക്കിയത്.
നവംബര്‍ ഒന്നിന് ക്യൂബെകില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്. പരസ്‌പരം കൈകൊടുക്കുമ്പോള്‍ രോഗാണുക്കള്‍ എളുപ്പം പടരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മേയറുടെ ഉത്തരവില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പൊതു സമ്മേളനങ്ങള്‍ വിളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ തടിച്ചുകൂടുന്നതും രോഗാണുക്കള്‍ പരക്കുന്നതും നിയന്ത്രിക്കാനാണിത്.
ഇതിന് മുമ്പ് പന്നിപ്പനി പടരുന്നത് തടയുന്നതിനായി ലെബനനില്‍ ചുംബനം നിരോധിച്ചിരുന്നു. സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ചുംബിക്കുന്നത് ലെബനനിലെ പരമ്പരാഗത രീതിയാണ്. മൂന്ന് ചുംബനങ്ങള്‍ നല്‍കിയാണ് ഇവിടെ ആളുകള്‍ പരസ്‌പരം അഭിവാദ്യം ചെയ്യുന്നത്.












Click it and Unblock the Notifications