പിണറായിയുടെ ഹര്‍ജി 31ന് പരിഗണിക്കും
ദില്ലി: ലാവലിന്‍ കേസില്‍ തന്നെ കുറ്റവിചാരണ ചെയ്യുന്നതിന് ഗവര്‍ണര്‍ നല്‍കിയ അനുമതിയും സിബിഐയുടെ കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി ഈ മാസം 31ന് പരിഗണിയ്‌ക്കും.
അന്നേ ദിവസം പരിഗണിയ്‌ക്കുന്ന ഹര്‍ജികളുടെ അഡ്വാന്‍സ് ലിസ്റ്റില്‍ പിണറായിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പിണറായി സുപ്രീം കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
ആദ്യം നല്‍കിയ ഹര്‍ജിയില്‍ അപാകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി റജിസ്‌ട്രാര്‍ മടക്കി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് പുറമെ സിബിഐയെ കൂടി എതിര്‍കക്ഷിയാക്കിയാണ് പിണറായി രണ്ടാമത് ഹര്‍ജി സമര്‍പ്പിച്ചത്.
അതിനിടെ കേസില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തലശേരിയിലെ ജനകീയ പൗരവകാശ സമിതി പ്രസിഡന്റ് അഡ്വക്കേറ്റ് ടി ആസഫലി വ്യാഴാഴ്‌ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
കേസിലെ പ്രതിയായ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ഒത്തുകളിയോടെ സമര്‍പ്പിച്ച് റിട്ട് ഹര്‍ജിയില്‍ പല വസ്‌തുതകളും രേഖകളും മറച്ചുവെയ്‌ക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ കക്ഷി ചേര്‍ക്കേണ്ടവരെ ഒഴിവാക്കിയിരിക്കുകയാണെന്നും അസഫലി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications