കോയന്പത്തൂര്‍ സ്ഫോടത്തില്‍ മദനിക്ക് പങ്കെന്ന് മൊഴി
കൊച്ചി: കോയമ്പത്തൂര്‍ സ്‌ഫോടനത്തെക്കുറിച്ച് പിഡിപി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് അറിയാമായിരുന്നുവെന്ന് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് പ്രതി അബ്ദുള്‍ ആലിമിന്റെ മൊഴി.
ജൂലായ് 22 ന് ഡിവൈഎസ് പി എ.പി ഷൗക്കത്തലിക്ക് നല്‍കിയ മൊഴിയിലാണ് മദനിയ്ക്ക് കോയമ്പത്തൂര്‍ സ്ഫോടനത്തെക്കുറിച്ച് മുമ്പേ അറിയാമായിരുന്നുവെന്ന് പറയുന്നത്.
കോയമ്പത്തൂരില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബോംബ് സ്ഫോടനം നടത്തിയതെന്നാണ് മൊഴിയിലെ സൂചന.
മദനി കോഴിക്കോട്ട് വന്നപ്പോള്‍ കാണാന്‍ പോയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന നസീറാണ്, കോയമ്പത്തൂരിലെ പ്രശ്‌നങ്ങള്‍ മദനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ആലിം മൊഴിയില്‍ പറയുന്നു. അപ്പോള്‍ 'അതിനുവേണ്ട പണി നമ്മള്‍' കൊടുക്കുന്നുണ്ടെന്ന് മദനി പറഞ്ഞുവെന്നാണ് മൊഴി.
കോയമ്പത്തൂര്‍ കേസില്‍ മദനി അറസ്റ്റിലാകുന്നതിനു മുമ്പ്, കോഴിക്കോട്ടുവച്ച് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്ന് കോയമ്പത്തൂരിലെ സ്ഫോടനം നടത്തിയത് നമ്മുടെ ടീമാണെന്നും മദനി പറഞ്ഞതായും ആലിം നല്‍കിയ മൊഴിയില്‍ പറയുന്നു.
ബോംബ് നിര്‍മിക്കാന്‍ താന്‍ പഠിച്ചത് മദനിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ആലിം മൊഴി നല്‍കിയിട്ടുണ്ട്. മഅദനിയുടെ നിര്‍ദേശപ്രകാരം അബ്ദുള്‍ സത്താറാണ് ആലിമിനെ ബോംബ് നിര്‍മാണം പഠിപ്പിച്ചത്.
കോട്ടക്കലില്‍ വെച്ച് കണ്ടപ്പോഴാണ് ബോംബുനിര്‍മാണം പഠിപ്പിക്കുന്നതിനെക്കുറിച്ച് മദനി നിര്‍ദേശം നല്‍കിയത്. പിന്നീട്, കൊല്ലത്തുചെന്ന് കണ്ടപ്പോള്‍ കോട്ടക്കലില്‍ വെച്ച് പറഞ്ഞ കാര്യം പഠിച്ചോ എന്ന് മദനി ചോദിച്ചെന്നും ആലിം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അബ്ദുന്നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നതിലുള്ള പ്രതിഷേധം അറിയിക്കാനാണ് കളമശ്ശേരിയില്‍ തമിഴ്‌നാട് ബസ് കത്തിച്ചതെന്നും ആലിം പറഞ്ഞിട്ടുണ്ട്.
എറണാകുളം കളക്ടറേറ്റില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ നസീര്‍, ഉമര്‍ബാബു, പറമ്പായി മജീദ് എന്നിവരായിരിക്കാമെന്നും ആലിം പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications