പോള്‍ വധം: 11 പേര്‍ അറസ്റ്റില്‍
കൊല്ലം: മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പോള്‍ എം ജോര്‍ജ് മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട 11 പേരെ അറസ്റ്റു ചെയ്‌തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി 17 ഓളം പേരെ പോലീസ് വിവിധയിടങ്ങളില്‍ നിന്നായി ഞായറാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി വിന്‍സന്‍ എം. പോള്‍ അറിയിച്ചു.
കൊലപാതകം നടത്തിയവരെക്കുറിച്ച് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഞായറാഴ്‌ച വെളിപ്പെടുത്തിയിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കൊലപാതകം സംബന്ധിച്ച വ്യക്തമായി ചിത്രം നല്‍കുമെന്നാണറിയുന്നത്.
അതേ സമയം കൊല്ലപ്പെടുമ്പോള്‍ പോളിന്റെ കൂടെയുണ്ടായിരുന്നവരെന്ന് പറയപ്പെടുന്ന ഗുണ്ടാ ത്തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍ പാലം രാജേഷിനേയും അറസ്റ്റു ചെയ്‌തിട്ടില്ലെന്ന് ഐജി വിന്‍സെന്റ് പോള്‍ അറിയിച്ചു.
കൊലപാതക സമയത്ത് പോള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ കൊല്ലം ചവറയ്‌ക്കടുത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. എം കെ ദിലീപ്, എസ് ശ്രീകുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത വാനുകള്‍. ആലപ്പുഴ വഴിച്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംശയാസ്‌പദമായി കണ്ടെത്തിയ മറ്റൊരു കാര്‍ ഫോറന്‍സിക് വിദഗ്‌ധര്‍ പരിശോധിച്ചു.
കൊല്ലത്ത് ചവറയ്‌ക്കടുത്ത് പുത്തന്‍തുറയില്‍ ദേശീയ പാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കെഎല്‍ 01-എ.എസ്.8407 നമ്പര്‍ ഫോര്‍ഡ് എന്‍ഡവര്‍ കാര്‍. രക്തക്കറയെന്ന് സംശയിക്കുന്ന പാടുകളും ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡും കാറിനുളളില്‍ നിന്ന് കണ്ടെത്തി. ഫോറന്‍സിക് വിദഗ്‌ദരെത്തി പരിശോധിച്ച ശേഷമേ പോള്‍ സഞ്ചരിച്ചിരുന്ന കാറാണോയെന്ന് പോലീസ് സ്ഥിരീകരിക്കൂ. തിരുവനന്തപുരം സ്വദേശി ഷിബു ആന്റണി എന്നയാളുടെ പേരിലാണ് കാറിന്റെ ഉമസ്ഥാവകാശം രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ബൈക്കുമായി കാര്‍ ഉരഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് കൊലപാതകം വരെ എത്തിയെന്ന സൂചന പോലീസ് പരിശോധിച്ചുവരികയാണ്. ആസൂത്രിതമല്ലാതെ യാദൃശ്ചികമായുണ്ടായ സംഭവമാണോ എന്ന നിലക്കും അന്വേഷണം നടക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച ചതഞ്ഞരഞ്ഞ മൊബൈല്‍ഫോണും സിംകാര്‍ഡും സംഭവത്തിലെ പ്രധാന പ്രതിയുടേതാണെന്നാണ് വിവരം. തിരുവനന്തപുരത്തേയും ചങ്ങനാശ്ശേരിയിലേയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന വിവരം സത്യമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്‌ച അര്‍ധരാത്രി കഴിഞ്ഞ് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ നെടുമുടി ജ്യോതി ജംക്‌ഷനിലായിരുന്നു പോള്‍ മുത്തൂറ്റ് ആക്രമിക്കപ്പെട്ടത്. പോളും സുഹൃത്ത് മനുവും മറ്റു രണ്ടു പേരും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പോളിനെ പിടിച്ചിറക്കി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ശ്വാസകോശത്തിലേക്കു കത്തി തുളച്ചുകയറി ചോരവാര്‍ന്നു റോഡില്‍ വീണ പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് അധികം വൈകുംമുന്‍പു മരിച്ചു.












Click it and Unblock the Notifications