ബിജെപി ഷൂരിക്കെതിരെ അച്ചടക്കനടപടിയെടുക്കും
ദില്ലി: ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയ്‌ക്കൊരുങ്ങുന്നു.
ഏത് തരത്തിലുള്ള അച്ചടക്ക നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് കൂടിയാലോചനയ്‌ക്കുശേഷം തീരുമാനിക്കുമെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി അറിയിച്ചു.
ഷൂരി അച്ചടക്ക നടപടി ചോദിച്ചുവാങ്ങുകയാണെന്നാണ് റൂഡി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൂരി പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
ജിന്ന വിവാദത്തെത്തുടര്‍ന്ന് ജസ്വന്ത് സിങിനെ പുറത്താക്കിയ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി ഇപ്പോള്‍ നൂലുപൊട്ടിയ പട്ടമാണെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്‌എസ് ബിജെപിയെ ഏറ്റെടുക്കുന്നതായിരിക്കും നല്ലതെന്നും ഷൂരി പറഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്‌ചയോടെതന്നെ ഷൂരിയ്‌ക്കെതിരായ നടപടിയില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഷൂരിയുടെ പ്രസ്‌താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.
ജസ്വന്ത് നല്‍കിയ അതേ ശിക്ഷതന്നെയായിരിക്കും ഷൂരിയെയും കാത്തിരിക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പാര്‍ട്ടിയ്‌ക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമാക്കിയ ഷൂരിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.












Click it and Unblock the Notifications