സിറിയക് ജോസഫിനെതിരായ പ്രമേയം തള്ളി
കൊച്ചി: സുപ്രീം കോടതി ജസ്‌റ്റിസ് സിറിയക് ജോസഫിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനിലെ ഒരു വിഭാഗം അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം പരാജയപ്പെട്ടു. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും ശബ്ദവോട്ടിലൂടെ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് പ്രമേയം തള്ളുകയായിരുന്നു.
അഭയ കേസിലെ പ്രതികളെ നാര്‍കോ പരിശോധനയ്‌ക്കു വിധേയമാക്കിയതിന്റെ വീഡിയോ ടേപ്പുകള്‍ നിലവില്‍ സുപ്രീം കോടതി ജഡ്‌ജിയായ മുന്‍ കര്‍ണാടക ചീഫ് ജസ്‌റ്റിസ് ബാംഗ്ലൂര്‍ ലാബില്‍ നേരിട്ടെത്തി കണ്ടുവെന്ന സിബിഐയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
സുപ്രീം കോടതി ജഡ്‌ജിയ്‌ക്കെതിരേ അസോസിയേഷന്‍ പ്രമേയം പസ്സാക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് പ്രമേയത്തെ എതിര്‍ത്തവര്‍ വാദിച്ചത്. അസോസിയേഷന്റെ പരിഗണനയ്‌ക്ക് വരേണ്ട വിഷയമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ ചട്ടങ്ങള്‍ ലംഘിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പാര്‍ലമെന്റിന്റെ നിയമ പരിഷ്‌കരണ കമ്മീഷന്‍ അന്വേഷിക്കുന്നതിന് രാഷ്‌ട്രപതി ഉത്തരവിടണമെന്ന് ആശ്യപ്പെടുന്ന പ്രമേയമാണ് പരാജയപ്പെട്ടത്.
കോടതിയുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കല്ലാതെയുളള ജസ്റ്റിസ് സിറിയക് ജോസഫിന്റെ നാര്‍ക്കോ ലാബ് സന്ദര്‍ശനം ഒഴിവാക്കേണ്ടിയിരുന്നുവെന്ന് പ്രമേയവുമായി രംഗത്തെത്തിയവര്‍ പറഞ്ഞു. അഭയകേസ് അട്ടിമറിയ്‌ക്കാന്‍ ജസ്റ്റിസ് സിറിയക്ക് ജോസഫ് ശ്രമിച്ചുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications