ബിജെപി നേതൃത്വത്തിനെതിരെ ഖണ്ഡൂരിയും
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത ഉള്‍പ്പോരും നേതൃത്വത്തിനെതിയുള്ള കലാപങ്ങളും ശമിയ്‌ക്കുന്നില്ല. വസുന്ധരയ്‌ക്കും ജസ്വന്ത് സിങ്ങിനും അരുണ്‍ ഷൂരിക്കും പിന്നാലെ ബിജെപിയുടെ ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബിസി ഖണ്ഡൂരിയാണ് അവസാനമായി രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നു തന്നെ നീക്കിയതിന് വിശദീകരണം ചോദിച്ച് ഖണ്ഡൂരി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പാര്‍ട്ടി തന്നെ ബലിയാടാക്കിയെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി അനാവശ്യമായിരുന്നെന്നും ഖണ്ഡൂരി കത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ ഉത്തരഖണ്ഡിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയ്‌ക്കേറ്റ പരാജയത്തെ തുടര്‍ന്ന് ജൂണിലാണ് ഖണ്ഡൂരിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രമേഷ് പൊഖ്‌റിയാലിനെ മുഖ്യമന്ത്രിയാക്കിയത്. പാളയത്തിലെ പടയാണ് സംസ്‌ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമെന്നു ഖണ്ഡൂരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സംസ്‌ഥാന നേതൃത്വത്തിനു മാത്രമല്ല, കേന്ദ്ര നേതൃത്വത്തിനും പരാജയത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഖണ്ഡൂരി കത്തില്‍ പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നു തന്നെ നീക്കിയ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്‌ഥാനത്ത് 27 ബിജെപി എംഎല്‍എ മാരുടെ പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്നു ഖണ്ഡൂരി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ അച്ചടക്കത്തിലും രാജ്യസ്‌നേഹത്തിലും ജനങ്ങള്‍ക്കു പാര്‍ട്ടിയിലുള്ള വിശ്വാസത്തിലും ഇടിവുണ്ടായതായും ഖണ്ഡൂരി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications