രാജ്യത്ത് പുതുതായി 7 ഐഐഎമ്മുകള്‍ സ്ഥാപിക്കും
ദില്ലി: രാജ്യത്ത് പുതിയതായി ഏഴ് ഐഐഎമ്മുകള്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടുഘട്ടങ്ങളിലായിട്ടായിരിക്കും ഏഴ് ഐഐഎമ്മുകള്‍ തുടങ്ങുക.
ആദ്യ ഘട്ടത്തില്‍ തിരുച്ചിറപ്പള്ളി(തമിഴ്‌നാട്), റാഞ്ചി(ജാര്‍ഖണ്ഡ്), റായ്‌പൂര്‍(ഛത്തീസ്‌ഗഡ്), റോഹ്‌ടക്ക്(ഹരിയാന) എന്നിവിടങ്ങളിലായി നാല് ഐഐഎമ്മുകള്‍ സ്ഥാപിക്കും. ഇവ 2010-11 അധ്യയനവര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കത്തക്ക രീതിയിലായിരിക്കും സ്ഥാപിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ജമ്മു കശ്‌മീര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി മൂന്ന് ഐഐഎമ്മുകള്‍ സ്ഥാപിക്കും. ഇതില്‍ ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും ഐഐഎമ്മുകള്‍ എവിടെ സ്ഥാപിക്കണമെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.
2011-12 അധ്യയന വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കത്തക്ക രീതിയിലായിരിക്കും ഇവയുടെ നിര്‍മ്മാണം. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താവിനിമയ മന്ത്രി അമ്പികാ സോണിയാണ് ഏഴ് ഐഐഎമ്മുകള്‍ക്ക് അനുമതി നല്‍കിയകാര്യം അറിയിച്ചത്.
ഒന്നാം ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 451കോടി രൂപയും പിന്നീട് 118കോടി രൂപയും ഇതിനായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ അവസരങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ ഐഐഎമ്മുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications