കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: പാലക്കാട്ടെ കഞ്ചിക്കോട്ട് റയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിന് ആസൂത്രണ കമ്മിഷന്‍ അനുമതി നല്‍കി. മൊത്തം 1215 കോടി 76 ലക്ഷം രൂപയുടേതാണു പദ്ധതി.

റയില്‍വേ സഹമന്ത്രി ഇ. അഹമ്മദും ആസൂത്രണക്കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഫാക്ടറിയ്ക്ക് അനുമതി ലഭിച്ചത്.

പദ്ധതിയ്ക്ക് തടസ്സമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ആസൂത്രണ കമ്മീഷന്റെ അറിയിപ്പ് ചൊവ്വാഴ്ചയാണ് കേന്ദ്ര റെയില്‍മന്ത്രാലയത്തിന് ലഭിച്ചത്.

2008ലെ റയില്‍വേ ബജറ്റില്‍ അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവാണ് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. തമിഴ്നാടിനു സേലം ഡിവിഷന്‍ അനുവദിച്ചതിനെത്തുടര്‍ന്നു കേരളം ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ ആശ്വാസപദ്ധതി എന്ന നിലയ്ക്കാണ് ഇത് അനുവദിച്ചത്.

ആയിരം ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കാമെന്നു റയില്‍വേയ്ക്ക് ഉറപ്പു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണു കോച്ച് ഫാക്ടറി അനുവദിക്കുന്നതെന്ന് അന്നു ലാലു പറഞ്ഞിരുന്നു.

എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമെടുപ്പ് എങ്ങും എത്തിയില്ല. ഇതേത്തുടര്‍ന്ന് ഇക്കൊല്ലത്തെ ബജറ്റില്‍ കോച്ച് ഫാക്ടറിക്കു പണം അനുവദിച്ചില്ല. സ്ഥലം കിട്ടാതെ പദ്ധതിയുടെ പണി എന്നു തുടങ്ങുമെന്നു പറയാനാവില്ലെന്നു പലതവണ റയില്‍വേ മന്ത്രി പാര്‍ലമെന്റില്‍
കേരളത്തില്‍നിന്നുള്ള എംപിമാരെ അറിയിച്ചു.

കേരളസര്‍ക്കാര്‍ കോച്ച് ഫാക്ടറിക്കു വാഗ്ദാനം ചെയ്ത സ്ഥലം ഇനിയും നല്‍കിയിട്ടില്ലെന്നു മന്ത്രി അഹമ്മദ് ചൂണ്ടിക്കാട്ടി. ഇതു ലഭിക്കാതെ പണി തുടങ്ങാനാവില്ല.

മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി ബുധനാഴ്ച ഫോണില്‍ ബന്ധപ്പെട്ട മന്ത്രി അഹമ്മദ്, എത്രയും വേഗം സ്ഥലം ഏറ്റെടുത്തു റയില്‍വേയ്ക്കു കൈമാറാന്‍ അഭ്യര്‍ഥിച്ചു.

പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ പദ്ധതി റിപ്പോര്‍ട്ട് റെയില്‍ ഇന്ത്യാ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് (റൈറ്റ്സ്) തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. അതിലാണ് 1215 കോടി 76 ലക്ഷം രൂപ മതിപ്പു ചെലവു കണക്കാക്കിയിരിക്കുന്നത്. പണി ആരംഭിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ കമ്മിഷന്‍ ചെയ്യാനാകുമെന്നാണു കണക്കാക്കുന്നത്.

കോച്ച്‌ഫാക്ടറിക്ക്‌ കേന്ദ്ര ആസൂത്രണകമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ സ്ഥലമെടുപ്പുനടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. മുടങ്ങിക്കിടന്ന സ്ഥലമെടുപ്പുനടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ സപ്‌തംബര്‍ എട്ടിന്‌ മുഖ്യമന്ത്രി റവന്യു ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുതലവന്മാരുടെ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്‌.

കോച്ച്‌ഫാക്ടറിക്കുവേണ്ട 900 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുത്ത്‌ നല്‍കാമെന്ന്‌ മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ സഹമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്‌. പുതുശ്ശേരി വെസ്റ്റ്‌, സെന്‍ട്രല്‍ വില്ലേജുകളിലായി 900 ഏക്കര്‍ സ്ഥലമാണ്‌ കോച്ച്‌ഫാക്ടറിക്കുവേണ്ടി കണ്ടെത്തിയിരുന്നത്‌.

സ്ഥലം 'ഫാസ്റ്റ്‌ട്രാക്കാ'യി ഏറ്റെടുക്കുന്നതിന്‌ ഡെപ്യൂട്ടി കളക്ടറുടെയും രണ്ട്‌ തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ പ്രത്യേക ഓഫീസ്‌ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രദേശവാസികളുടെ നിസ്സഹകരണം പ്രതികൂലാവസ്ഥ സൃഷ്ടിച്ചിരിക്കയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X