പൊഖ്‌റാന്‍ അണ്വായുധ പരീക്ഷണം വിജയമായിരുന്നില്ല
ദില്ലി: വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച 1998ലെ പൊഖ്‌റാന്‍ രണ്ട് ആണവ പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നില്ലെന്ന് ഡിആര്‍ഡിഎ ശാസ്‌ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്‌ത്രജ്ഞനായ കെ സന്താനമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പൊഖ്‌റാനില്‍ പരീക്ഷിച്ച അണ്വായുധത്തിന്റെ സ്‌ഫോടനശേഷി പ്രതീക്ഷിയ്‌ക്കപ്പെട്ടതിലും വളരെ കുറവായിരുന്നുവെന്ന് അക്കാലത്ത് തന്നെ പല വിദേശ ഏജന്‍സികളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ ഇതെല്ലാം നിഷേധിയ്‌ക്കുകയും പരീക്ഷണം പൂര്‍ണ വിജയമാണെന്ന് അവകാശപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ അന്നത്തെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
പൊഖ്‌റാന്‍ പരീക്ഷണത്തിന്റെ സൈറ്റ് ഡയറക്‌ടറും ഡിആര്‍ഡിഒ ചീഫ് അഡൈ്വസറമായിരുന്നു സന്താനം. പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്‌ത്രജ്ഞന്‍മാരില്‍ ഒരാള്‍ തന്നെ ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നത് ഇതാദ്യമായാണ്.
ആണവ പരീക്ഷണം പൂര്‍ണ വിജയത്തിലെത്താത്ത സാഹചര്യത്തില്‍ അണ്വായുധ പരീക്ഷണ നിരോധന കരാറില്‍(സിടിബിടി) ഇന്ത്യ തിടുക്കപ്പെട്ട് ഒപ്പിടാന്‍ തയ്യാറാവരുതെന്നും സന്താനം നിര്‍ദ്ദേശിയ്‌ക്കുന്നു. ഇന്ത്യയുടെ ആണ്വായുധ ശേഷി വര്‍ധിപ്പിയ്‌ക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നാണ് സന്താനത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications