കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ അദ്വാനി ഒറ്റപ്പെടുന്നു?

  • By Staff
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാവ്‌ അരുണ്‍ ഷൂരിയ്‌ക്ക്‌ പിന്നാലെ യശ്വന്ത്‌ സിന്‍ഹയും ബ്രജേഷ്‌ മിശ്രയും രംഗത്തെത്തിയതോടെ ബിജെപിയില്‍ എല്‍.കെ അദ്വാനിയുടെ നില തീര്‍ത്തും പരുങ്ങലിലായി.

പാര്‍ട്ടി നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി വേണമെന്നും മറ്റുമുള്ള തുറന്ന അഭിപ്രായ പ്രകടനവുമായി അരുണ്‍ ഷൂരി രംഗത്തെത്തിയത്‌ നേതൃത്വത്തിന്‌ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്‌ പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ജസ്വന്ത്‌ സിങിന്‌ വേണ്ടി വാദിച്ചുകൊണ്ട്‌ യശ്വന്ത്‌ സിന്‍ഹയും രംഗത്തെത്തി.

ജിന്നയെപ്പറ്റിയുള്ള ജസ്വന്തിന്റെ അഭിപ്രായങ്ങളോട്‌ യോജിപ്പില്ലെങ്കിലും അത്‌ അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമായി മാറ്റിയത്‌ ശരിയല്ലെന്നാണ്‌ മുന്‍വിദേശകാര്യമന്ത്രിയായിരുന്ന യശ്വന്ത്‌ പറയുന്നത്‌. പാര്‍ട്ടിയുടെ തലപ്പത്ത്‌ എ.ബി വാജ്‌പേയി ആയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമാകുമായിരുന്നില്ലെന്നും യശ്വന്ത്‌ അഭിപ്രായപ്പെട്ടു.

അതേസമയം കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ പ്രശ്‌നത്തില്‍ ഭീകരരെ കൈമാറുന്നകാര്യം തനിക്കറിയില്ലായിരുന്നുവെന്ന അദ്വാനിയുടെ വാദത്തിനെതിരായാണ്‌ ബ്രജേഷ്‌ മിശ്ര രംഗത്തെത്തിയിരിക്കുന്നത്‌. എന്‍ഡിഎ സര്‍ക്കാറിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു മിശ്ര.

കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ വിവാദത്തില്‍ സത്യം മറച്ചുവച്ച്‌ താന്‍ അദ്വാനിയെ സംരക്ഷിക്കുകയായിരുന്നുവെന്ന്‌ കുറച്ചുദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ജസ്വന്ത്‌ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദികളുമായി പോകുന്നകാര്യം അദ്വാനിക്ക്‌ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാണ്ഡഹാറില്‍ റാഞ്ചിയ വിമാനത്തിലുള്ള ബന്ദികളെ രക്ഷിക്കാന്‍ ജസ്വന്ത്‌ തീവ്രവാദികളുമായി പോയത്‌ തനിക്കറിയില്ലെന്നുള്ള അദ്വാനിയുടെ വാദം ശരിയല്ലെന്നുതന്നെയാണ്‌ ബ്രജേഷും പറയുന്നത്‌. വിമാനം റാഞ്ചിയത്‌ അറിഞ്ഞയുടന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി ചേര്‍ന്നാണ്‌ ജസ്വന്തിനെ കാണ്ഡഹാറിലേയ്‌ക്ക്‌ അയയ്‌ക്കാന്‍ തീരുമാനിച്ചതെന്ന്‌ മിശ്ര പറയുന്നു.

അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനി ഈ യോഗത്തിലുണ്ടായിരുന്നകാര്യം ജസ്വന്ത്‌, യശ്വന്ത്‌, ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നകാര്യവും മിശ്ര ചൂണ്ടിക്കാട്ടി.

കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിന്റെ ആദ്യാവസാനമുള്ള കാര്യങ്ങള്‍ അദ്വാനിക്ക്‌ അറിയാമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയ ഒരു ഘട്ടമായിരുന്നു അത്‌. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വാജ്‌പേയിയെ കണ്ട്‌ ബന്ദികളെ മോചിപ്പിക്കുന്നതിന്‌ പിന്തുണ അറിയിച്ചിരുന്നു- മിശ്ര പറഞ്ഞു.

ഇതുസംബന്ധിച്ച്‌ യാതൊരു സംശയത്തിന്റെയും ആവശ്യമില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്‌ത്‌ സൂക്ഷിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. അദ്വാനി എന്തുകൊണ്ട്‌ ഇക്കാര്യം അറിയില്ലെന്ന്‌ പറയുന്നുവെന്ന ചോദ്യത്തിന്‌ അക്കാര്യത്തെക്കുറിച്ച്‌ സംസാരിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു മിശ്രയുടെ മറുപടി.

ജസ്വന്തിനെ പുറത്താക്കല്‍, ഷൂരിയുടെ പരസ്യവിമര്‍ശനം, യശ്വന്ത്‌ സിന്‍ഹയുടെ അഭിപ്രായപ്രകടനം, മിശ്രയുടെ വെളിപ്പെടുത്തല്‍, വസുന്ധര രാജെയും ബിസി ഖണ്ഡൂരിയും ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ നേതൃസ്ഥാനത്ത്‌ നിന്നും ഒഴിയാനുള്ള ആര്‍എസ്‌എസിന്റെ ആവശ്യം തുടങ്ങി അദ്വാനിക്കുമേല്‍ അനുദിനം സമ്മര്‍ദ്ദം ഏറി വരുകയാണ്‌. ഇതാദ്യമായാണ്‌ അദ്വാനിയ്‌ക്കെതിരെ പാര്‍ട്ടിയ്‌ക്കുള്ളില്‍ ഇത്രയും എതിര്‍പ്പുകളുണ്ടാവുന്നത്‌.

നേതാക്കളില്‍ പലരും എതിര്‍പ്പുകളുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ അണികളെ സംഘടിതരാക്കാനായി നടത്താന്‍ നിശ്ചയിച്ചിരുന്ന അദ്വാനിയുടെ ഭാരതയാത്ര മാറ്റവയ്‌ക്കുമെന്നാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X