പോള്‍ വധം: മകന് ബന്ധമില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മാധ്യമങ്ങള്‍ കഥകള്‍ പ്രചരിപ്പിയ്‌ക്കുകയാണെന്നും അന്വേഷണം തിരിച്ചുവിടുകയാണെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. ഇവിടെ ഏത് കേസ് വന്നാലും ചില മന്ത്രിപുത്രന്‍മാര്‍ എന്ന പേരില്‍ വാര്‍ത്തകള്‍ വരും.
തന്റെ മകനെയാണ് ഉദ്ദേശിയ്‌ക്കുന്നതെങ്കില്‍ ഈ ആരോപണങ്ങള്‍ ശരിയല്ലെന്നും മകന് റിയല്‍ എസ്റ്റേറ്റ് കച്ചവടമില്ലെന്നും കോടിയേരി പറഞ്ഞു. പോള്‍ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ഓംപ്രകാശിനെതിരെയും രാജേഷിനെതിരെയും പോലീസ് നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഗുണ്ടകളുടെ കാര്യത്തില്‍ പോലീസോ സര്‍ക്കാരോ മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2002ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഓംപ്രകാശിന് പാസ്‌പോര്‍ട്ട് ലഭിച്ചത്. ഇതിന് സാഹചര്യമൊരുക്കിയ പോലീസുകാരനെ കണ്ടെത്തുമെന്നും കോടിയേരി പറഞ്ഞു. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓംപ്രകാശിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു. സര്‍ക്കാരിന് എന്തെങ്കിലും വഴിവിട്ട താത്‌പര്യമുണ്ടായിരുന്നെങ്കില്‍ വാറണ്ട് പിന്‍വലിയ്‌ക്കാമായിരുന്നു. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തുവരാതിരിയ്‌ക്കാനാണ് ഉന്നത ബന്ധങ്ങള്‍ ആരോപിയ്‌ക്കുന്നത്.
സന്തോഷ് മാധവന് ശിക്ഷ ലഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിലാണ്. ടോട്ടല്‍ തട്ടിപ്പ്, കണിച്ചുകുളങ്ങര കേസുകളിലെ പ്രതികള്‍ ജയിലില്‍ കഴിയുന്നതും സര്‍ക്കാരിന്റെ കാര്യപ്രാപ്‌തി കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications