പോള്‍ വധം ആസൂത്രിതമെന്ന് ഡ്രൈവര്‍
ആലപ്പുഴ: പോള്‍ ജോര്‍ജ്ജിന്റെ വധം ആസൂത്രിതമായിരുന്നുവെന്ന് പോളിന്റെ ഡ്രൈവറുടെ മൊഴി. ബിസിനസില്‍ പോളിന്റെ വളര്‍ച്ചയോട് അസൂയയുള്ള ശത്രുക്കളാണ് കൊലയ്‌ക്കുപിന്നിലെന്നാണ് ഡ്രൈവറായ ഷിജു മൊഴി നല്‍കിയിരിക്കുന്നത്.
കൊല നടക്കുമ്പോള്‍ എന്‍ഡവര്‍ കാറില്‍ പോളിനും മനുവിനുമൊപ്പം പോളിന്റെ രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പോളിനെ കുത്തിവീഴ്‌ത്തിയശേഷം എന്‍ഡവര്‍ കാര്‍ തിരുവനന്തപുരം ഭാഗത്തേയ്‌ക്ക് ഓടിച്ചുപോയി.
പിന്നാലെ സ്‌കോര്‍പ്പിയോയില്‍ എത്തിയ ഞാന്‍ സഹായത്തിനായി ഹോണ്‍ അടിച്ചുവെങ്കിലും വണ്ടി നിര്‍ത്തിയില്ല. പോളിനെയും മനുവിനെയും ഞാനാണ് ആശുപത്രിയില്‍ എത്തിച്ചത്- ഷിജുവിന്റെ മൊഴിയില്‍ പറയുന്നു.
സ്‌കോര്‍പിയോയില്‍ താന്‍ ഒറ്റയ്‌ക്കാണ് എന്‍ഡവറിനെ പിന്തുടര്‍ന്നിരുന്നതെന്നാണ് ഷിജു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് തന്നോടൊപ്പം മറ്റൊരാള്‍ കയറിയെന്നും അയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഷിജു വെളിപ്പെടുത്തി.
തിരുവനന്തപുരത്തുനിന്നും ഒറ്റയ്‌ക്കാണ് താന്‍ എത്തിയതെന്ന മൊഴിയും ഷിജു തിരുത്തിയിട്ടുണ്ടെന്നായിരുന്നു സൂചന. തൃശൂരില്‍ നാലുപേരും കണ്ടുമുട്ടിയശേഷം കോയമ്പത്തൂര്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ യാത്രചെയ്‌താണ് കൊച്ചിയിലെത്തിയതെന്നാണ് ഷിജു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പിനായി ഇയാളെ കൊണ്ടുപോയതായി സൂചനയുണ്ട്.
അതേസമയം പോളിന്റെ മരണത്തെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഓം പ്രകാശിന്റെയും രാജേഷിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടക്കുമ്പോള്‍ ഓം പ്രകാശും രാജേഷും പോളിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് ആദ്യം പൊലീസ് അറിയിച്ചിരുന്നത്.
കാറിന് പുറത്തുവച്ചായിരുന്നു ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ കാറിന്റെ ഗിയറിലും സീറ്റിലും മറ്റും രക്തക്കറ പറ്റിയിരിക്കുന്നത് മഹസറില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഓംപ്രകാശും സംഘവും ജൂലൈ 19, 20 തിയതികളില്‍ കൊടൈക്കനാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ താമസിച്ചതിന്റെ ബില്ലുകളും കൊടൈക്കനാല്‍ മുനിസിപ്പാലിറ്റിയിലെ ടോള്‍ ഫ്രീ രസീതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications