ബിജെപി ശക്തിപ്രാപിക്കും: ആര്‍എസ്എസ്
ദില്ലി: ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കുമെന്നും പാര്‍ട്ടി കൂടുതല്‍ ശക്‌തി പ്രാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌എസ് നേതാവ് മദന്‍ ദാസ് ദേവി. ഞായറാഴ്‌ച രാവിലെ മോഹന്‍ ഭാഗവതിനൊപ്പം എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്വാനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. പാര്‍ട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്ന് കരുതുന്നു. ആര്‍എസ്‌എസ്സിന് നല്‍കിയ ഉറപ്പ് ബിജെപി പാലിക്കുമെന്നാണ് വിശ്വാസം. നേതൃത്വം സംബന്ധിച്ച പ്രശ്‌നങ്ങളും ബിജെപി പരിഹരിക്കും. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ബിജെപി അറിയിക്കുമെന്നും മദന്‍ദാസ് ദേവി പറഞ്ഞു.
മോഹന്‍ ഭഗവതും എല്‍കെ അദ്വാനിയും തമ്മില്‍ ശനിയാഴ്‌ചയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആര്‍എസ്‌എസ് ഇടപെടില്ലെന്നാണ് മോഹന്‍ ഭഗവത് നേരത്തെ പറഞ്ഞിരുന്നത്. മൂന്നു ദിവസമായി ദില്ലിയില്‍ ഉണ്ടായിരുന്ന ഭഗവത് മടങ്ങുന്നതിനു മുന്നോടിയായാണ് അദ്വാനിയുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തിയത്.
അദ്വാനിയും രാജ്‌നാഥ് സിങ്ങും സ്ഥാനമൊഴിഞ്ഞാല്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ബിജെപി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ ആരൊക്കെ വഹിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഭഗവത് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. ഈ വിഷയത്തില്‍ ആര്‍എസ്‌എസ്സിന്റെ തീരുമാനം നിര്‍ണായകമാവുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications