കബീറിന് തീവ്രവാദബന്ധമുണ്ടെന്ന് സൂചന
തിരുവനന്തപുരം: കുവൈത്തിലേക്ക് കടക്കാനൊരുവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ വയനാട് സ്വദേശി കബീറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന. ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരയടക്കമുള്ള സംഭവങ്ങളില്‍ കബീറിന് ബന്ധമുണ്ടെന്നാണ് ലഭിയ്‌ക്കുന്ന വിവരം.
കബീറിനെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ ഉദ്യോഗസ്ഥര്‍ സംയുക്തമായി ചോദ്യം ചെയ്യുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളയാളാണ് കബീര്‍. തടിയന്റവിട നസീറുമായി കബീറിന് ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്‌തിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്.
രണ്ട് മാസം മുന്‍പാണ് കേന്ദ്ര ഇന്റലിജന്റസ് ബ്യൂറോ ഇയാള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഞായറാഴ്‌ച രാവിലെയാണ് കബീറിനെ നാടകീയമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തത്. കുവൈത്ത് എയര്‍വേസിന്റെ കെയു 22 വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് കബീര്‍ വിമാനത്തില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് അടിയന്തര സന്ദേശം നല്‍കിയപ്പോഴേക്കും വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അധികൃതരുടെ നിര്‍ദ്ദേശപ്രകാശം റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം തിരിച്ചുവിളിച്ചാണ് കബീറിനെ അറസ്റ്റു ചെയ്‌തത്. ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചയാള്‍ എല്ലാ എമിഗ്രേഷന്‍ പരിശോധനകളും കഴിഞ്ഞ് വിമാനത്തിലെത്തിയത് എങ്ങനെയെന്ന് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications