ചെക്ക് കേസില്‍ എം.കെ. മുനീറിന് തടവും പിഴയും
കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എംകെ മുനീറിനെ ഒരു ദിവസത്തെ തടവിനും 25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാറുകാരനായ മാത്യു അലക്‌സ് വെള്ളാപ്പള്ളിയില്‍ നിന്ന്, ഇന്ത്യാവിഷന്‍ ചാനലിനു വേണ്ടി വാങ്ങിയ 25 ലക്ഷം രൂപ തിരികെ നല്‍കാനായി കൊടുത്ത ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ.
മുനീറിനെ കൂടാതെ ഇന്ത്യാവിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗീന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂക്ക് എന്നിവരെയും ശിക്ഷിച്ചിട്ടുണ്ട്. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. മാത്യു അലക്‌സില്‍ നിന്ന് 2005 മാര്‍ച്ച് 29നാണ് മുനീര്‍ കടമെന്ന പേരില്‍ 25 ലക്ഷം വാങ്ങിയത്. ഉറപ്പിനായി 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്കുകളും നല്‍കിയത്. പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ചെക്ക് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ ശിക്ഷ വിധിയ്‌ക്കുമ്പോള്‍ എം.കെ.മുനീറും മറ്റുള്ളവരും കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകര്‍ മുഖേന ഇവര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.












Click it and Unblock the Notifications