ലുക്ക്‌ഔട്ട് നോട്ടീസ് ഉള്ളയാള്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: രാജ്യാന്തര ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന വയനാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. വയനാട് സ്വദേശിയായ കബീര്‍ എന്നയാളാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്ക് പോകാന്‍ ശ്രമിയ്‌ക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
കബീറിനെതിരെയുള്ള കേസ് എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയമുണ്ട്. രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന കുവൈത്ത് വിമാനത്തില്‍ നിന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇയാളെ പിടികൂടിയത്.
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കുവൈത്ത് എയര്‍വെയ്‌സിന്റെ കെയു 332 വിമാനം റണ്‍വേയില്‍ നീങ്ങിത്തുടങ്ങിയ ഉടനെ ഇന്റലിജന്‍സ് നിര്‍ദേശമനുസരിച്ച് പ്രത്യേക സന്ദേശം നല്‍കി വിമാനം തിരിച്ചുവിളിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് ശേഷം വിമാനം കുവൈത്തിലേക്കു പോയി. കൂടുതല്‍ വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രഇന്റലിജന്‍സ് അധികൃതര്‍ അടക്കമുള്ളവര്‍ ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. പുറപ്പെടാന്‍ അനുമതി ലഭിച്ച ശേഷം വിമാനം നിര്‍ത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചത് യാത്രക്കാരെ പരിഭ്രാന്തി പരത്തി.












Click it and Unblock the Notifications