റെഡ്ഡി ജനങ്ങള്‍ക്കുവേണ്ടി ജീവിച്ചു മരിച്ചു
ഹൈദരാബാദ്: ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് പേരുകേട്ട രാജശേഖര റെഡ്ഡിയുടെ മരണവും ജനങ്ങള്‍ക്കുവേണ്ടിത്തന്നെ.
സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പും അവയുടെ ഫലപ്രാപ്‌തിയും അറിയാന്‍ വേണ്ടി ചിറ്റൂര്‍ ജില്ലിയിലെ ഗ്രാമങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്താന്‍ വേണ്ടിയാണ് അദ്ദേഹം ബുധനാഴ്‌ച മറ്റ് നാലുപേര്‍ക്കൊപ്പം ഹെലികോപ്‌റ്ററില്‍ യാത്ര തിരിച്ചത്.
കുടിവെള്ളപദ്ധതികളുടെയും റേഷന്‍ കാര്‍ഡ് വിതരണത്തിന്റെയും പുരോഗതികള്‍ വിലയിരുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ഇതിനായി മാസത്തില്‍ രണ്ടു ഗ്രാമത്തില്‍ വീതം മിന്നല്‍ പരിശോധന നടത്താനായിരുന്നു റെഡ്ഡിയുടെ പദ്ധതി. ഇതിനായി ആദ്യം തിരഞ്ഞെടുത്തത് സ്വന്തം ജില്ലയായ ചിറ്റൂര്‍ ആയിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ഹൈടെക് പരിഷ്‌കാരങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടത്തിയ പദയാത്രയായിരുന്നു രാഷ്ട്രീയത്തില്‍ റെഡ്ഡിയുടെ വിധി നിര്‍ണ്ണയിച്ചത്. തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. സാധാരണജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പല പദ്ധതികളും.
ആന്ധ്രയിലെ ജനങ്ങള്‍ക്ക് ഇനിയും തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കാണാതായെന്ന് വാര്‍ത്തവന്നയുടന്‍തന്നെ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും തെരുവുകളിലുമെല്ലാം അദ്ദേഹത്തിന്റെ ആയുസ്സിനായി പ്രാര്‍ത്ഥനകളും പൂജകളും നടന്നിരുന്നു.
റെഡ്ഡിയെ കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. മുഖ്യമന്ത്രിയുടെ മരണവാര്‍ത്തയറിഞ്ഞ് കേന്ദ്രത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ആന്ധ്രയിലേയ്‌ക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications