കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡ്ഡി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: ആന്ധ്രമുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്ഡി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. നല്ലമലയിലെ കര്‍ണൂലിലുള്ള കുന്നിന്‍ മുകളിലാണ്‌ റെഡ്ഡി സഞ്ചരിച്ച കോപ്‌റ്റര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്‌.

കോപ്‌റ്ററിനുള്ളില്‍ അഞ്ച്‌ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇതിലൊന്ന് റെഡ്ഡിയുടേതാണെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച പത്തരയോടെയാണ്‌ മരണം സ്ഥിരീകരിച്ചത്‌. ബുധനാഴ്‌ച രാവിലെ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്‌റ്ററില്‍ ചിറ്റൂരിലേയ്‌ക്ക്‌ പുറപ്പെട്ടതില്‍പ്പിന്നെ കോപ്‌റ്ററിനെക്കുറിച്ചും റെഡ്ഡിയെയും കൂടെയുള്ളവരെയും കുറിച്ചും വിവരമൊന്നും ഉണ്ടായിരുന്നില്ല.

വൈകുന്നേരത്തോടെ റെഡ്ഡിയെ കാണാതായതായുള്ള വിവരം സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ സൈന്യവും പൊലീസും എല്ലാം ചേര്‍ന്ന്‌ നടത്തിയ തിരച്ചില്‍ ബുധനാഴ്‌ച ലക്ഷ്യം കണ്ടില്ല. രാത്രിയോടെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്‌ച കാലത്ത്‌ പുനനാരംഭിച്ചു.

വ്യാഴാഴ്‌ച കാലത്ത്‌ വിമാനം നല്ലമലയിലെ കര്‍ണൂലിലെ കുന്നിന്‍ മുകളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വ്യോമസേനയുടെ മൂന്ന്‌ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തി. മോശമായ കാലാവസ്ഥമൂലം വിമാനങ്ങള്‍ക്ക്‌ നിലത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ കമാന്റോകളെ നിലത്തിറക്കുകയായിരുന്നു. ഇവരാണ്‌ കോപ്‌റ്ററില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

സാധാരണക്കാരനായ മുഖ്യമന്ത്രി, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, നിപുണനായ ഭരണാധികാരി എന്നീ വിശേഷണങ്ങള്‍ക്കെല്ലാം റെഡ്ഡി അര്‍ഹനായിരുന്നു. തെലുങ്ക്‌ ദേശം പാര്‍ട്ടി നേതാവായിരുന്ന എന്‍.ടി രാമറാവുവിന്‌ ശേഷം തുടര്‍ച്ചയായി രണ്ടാംവട്ടവും ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയെന്ന പേര്‌ റെഡ്ഡിക്ക്‌ സ്വന്തമാണ്‌.

ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ പവ്വര്‍ഹൗസ്‌ അതാണ്‌ റെഡ്ഡിക്ക്‌ കൂടുതല്‍ യോജിച്ച വിശേഷണം. ആന്ധ്രയില്‍ അഞ്ചുവര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയെന്ന നിലയിലും അറുപതുകാരനായ ഇദ്ദേഹം പ്രശസ്‌തനാണ്‌. വൈഎസ്‌ രാജറെഡ്ഡിയുടെ അഞ്ചാമത്തെ മകനായി 1949 ജൂലൈ എട്ടിന്‌ കടപ്പ ജില്ലയിലെ പുലിവെന്‍ഡുളയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

ഗുല്‍ബര്‍ഗയിലെ എംആര്‍ മെഡിക്കല്‍ കോളെജിലെ പഠനകാലത്തുതന്നെ അദ്ദേഹത്തിന്‌ രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. എംബിബിഎസ്‌ പൂര്‍ത്തിയാക്കിയശേഷം ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ സ്വന്തമായി ഒരു ആശുപത്രി തുടങ്ങി.

1978ലാണ്‌ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്‌. ജന്മദേശത്തുനിന്നുതന്നെയായിരുന്നു ആദ്യമായി നിയമസഭയിലേയ്‌ക്ക്‌ മത്സരിച്ചത്‌. 1980-83 കാലഘട്ടത്തില്‍ മന്ത്രിയായി. 34ാം വയസ്സില്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആന്ധ്രയിലെ കോണ്‍ഗ്രസ്‌ പ്രസിഡന്റായി നിയമിച്ചു. അതേവര്‍ഷംതന്നെ കടപ്പ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

1999വരെ ഈ മണ്ഡലം സ്വന്തമായി നിലനിര്‍ത്തി. പിന്നീട്‌ 2000ല്‍ വീണ്ടും എപിസിസി പ്രസിഡന്റായി. 1999ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടപ്പോള്‍ കരുത്തനായ പ്രതിപക്ഷ നേതാവായി അദ്ദേഹം സാന്നിധ്യമറിയിച്ചു. പീന്നീട്‌ 2003മുതല്‍ അദ്ദേഹത്തിന്റെ കാലഘട്ടമായിരുന്നു.

പിന്നീടുണ്ടായ റെഡ്ഡി തരംഗത്തില്‍ ചന്ദ്രബാബു നായിഡുവിന്‌ അടിപതറി. റെഡ്ഡി മുഖ്യമന്ത്രിയായി. കര്‍ഷകര്‍ക്ക്‌ സൗജന്യ വൈദ്യുതി, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വൃദ്ധര്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചു.

പാവപ്പെട്ടവര്‍ക്ക്‌ വീട്‌, 2രൂപയ്‌ക്ക്‌ അരി തുടങ്ങി പലതരം ജനോപകാരപദ്ധതികള്‍ കൊണ്ടുവന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 156സീറ്റും നേടാന്‍ ഇവയെല്ലാം റെഡ്ഡിയെ സഹായിച്ചു. ആകെയുള്ള 44 ലോക്‌സഭാ മണ്ഡലങ്ങലില്‍ 33ലും കോണ്‍ഗ്രസ്‌ നേടിയ വിജയത്തിനും കാരണക്കാരന്‍ റെഡ്ഡിയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X