കോപ്‌റ്റര്‍ അപകടം അന്വേഷിക്കാന്‍ സംഘം
ദില്ലി: ആന്ധ്രമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്‌റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നാലംഗ സമതിയെ നിയോഗിച്ചു.
പവന്‍ ഹാന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡ് മേധാവി ലെഫ്‌റ്റനന്റ് ആര്‍. കെ ത്യാഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ടത്തുക. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചു. പ്രാഥമിക അന്വേഷത്തില്‍ പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയതെന്നും പട്ടേല്‍ വ്യക്തമാക്കി.
ആന്ധ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ 430 കോപ്‌റ്ററിലാണ് റെഡ്ഡിയും സംഘവും സഞ്ചരിച്ചത്. കോപ്‌റ്ററിന് തകരാറുകളുണ്ടായിരുന്നുവെന്നും സഞ്ചാരയോഗ്യമല്ലായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍ കോപ്‌റ്ററിന് തകരാറുകളുണ്ടെന്ന വാര്‍ത്ത വ്യോമയാനമന്ത്രി തള്ളിക്കളഞ്ഞു. തകരാറുകളുണ്ടായതിനെത്തുടര്‍ന്ന് ഇപ്പോള്‍ തകര്‍ന്ന കോപ്‌റ്റര്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
കുറേ മാസങ്ങള്‍ക്ക് മുമ്പ് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി ഹൈദരാബാദില്‍ നിന്നും ഗുല്‍ബര്‍ഗയിലേയ്‌ക്ക് പോകുമ്പോള്‍ കോപ്‌റ്ററിന് ചില തകരാറുകള്‍ ഉണ്ടായിരുന്നതായും അന്ന് അപകടത്തില്‍ നിന്നും യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹെലികോപ്‌റ്ററിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പ്രതികൂലകാലാവസ്ഥയ്‌ക്കൊപ്പം ഒരുപക്ഷേ മിന്നലേറ്റതുകൊണ്ടാവാം കോപ്‌റ്റര്‍ കത്തിയമര്‍ന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications