പിസി തോമസിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി

നേരത്തേ പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിപിഎം സ്ഥാനാര്‍ഥി പി.എം ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പി.സി. തോമസ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വെള്ളിയാഴ്ചത്തെ വിധി.
2004 ലെ മന്ത്രിസഭയിലെ കാലാവധി തീര്‍ന്നതിനു ശേഷമാണ് തിരഞ്ഞെടുപ്പു അസാധുവാക്കി സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.
ലോക്സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ല്‍ മൂവാറ്റുപുഴയില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാന്‍ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.
മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി പി.എം. ഇസ്മായില്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്.
മണ്ഡലത്തിലെ ക്രൈസ്തവരുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയെന്നും വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു.
പി.സി. തോമസ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. 2004 മേയ് 10നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications